25.8 C
Kollam
Sunday 8th November, 2026 | 07:40:23 AM
Home News Breaking News മുൻകാമുകി ഇപ്പോൾ എവിടെയാണ്? വിവാഹം കഴിഞ്ഞോ? ആരെങ്കിലുമൊക്കെയായി പ്രണയത്തിലായിരുന്നോ? വിവരാവകാശ അപേക്ഷയുമായി മുൻകാമുകൻ

മുൻകാമുകി ഇപ്പോൾ എവിടെയാണ്? വിവാഹം കഴിഞ്ഞോ? ആരെങ്കിലുമൊക്കെയായി പ്രണയത്തിലായിരുന്നോ? വിവരാവകാശ അപേക്ഷയുമായി മുൻകാമുകൻ

Advertisement

ചെന്നൈ: മുൻകാമുകി ഇപ്പോൾ എവിടെയാണ്? വിവാഹം കഴിഞ്ഞോ? ആരെങ്കിലുമൊക്കെയായി പ്രണയത്തിലായിരുന്നോ? ഇപ്പോൾ മറ്റാരുമായെങ്കിലും ബന്ധമുണ്ടോ? ഒരു മുൻകാമുകന് അറിയേണ്ടിയിരുന്ന കാര്യങ്ങളുടെ പട്ടിക നീണ്ടപ്പോൾ അതിനായി കണ്ടെത്തിയ വഴിയും വിചിത്രം. വിവരാവകാശ നിയമം!

തമിഴ്‌നാട്ടിലെ വിഴുപ്പുറം സ്വദേശിയായ എ. സന്തോഷാണ് മുൻകാമുകിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം ഒന്നും രണ്ടുമല്ല, 97 അപേക്ഷകൾ സമർപ്പിച്ചത്. ആകെ 1,887 ചോദ്യങ്ങളാണ് ഈ അപേക്ഷകളിലുണ്ടായിരുന്നത്. യുവതി ജീവിച്ചിരിപ്പുണ്ടോ, വിവാഹിതയാണോ, എവിടെയാണ് താമസം, എവിടെയാണ് ജോലി ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം അവരുടെ മുൻപ്രണയബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സന്തോഷ് തേടി. യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോയും നിർദിഷ്ട തീയതികളിലെ സിസിടിവി ദൃശ്യങ്ങളും നൽകണമെന്നായിരുന്നു മറ്റൊരു ആവശ്യം.

എന്നാൽ വിവരാവകാശ നിയമത്തിന്റെ പരിധി വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്കുള്ള അന്വേഷണത്തിനുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് വിവരാവകാശ കമ്മിഷൻ അപേക്ഷകളെല്ലാം തള്ളി. നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് സന്തോഷിന്റെ അപേക്ഷകളെന്ന് കമ്മിഷൻ നിരീക്ഷിക്കുകയും ചെയ്തു.

2024-ലാണ് സഹപാഠിയായ യുവതിയുമായി സന്തോഷ് പ്രണയത്തിലായത്. കോളേജ് പഠനം പൂർത്തിയായതോടെ ബന്ധം അവസാനിച്ചു. എന്നാൽ ബന്ധം തകർന്നിട്ടും ഫോൺ കോളുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും യുവതിയെ ബന്ധപ്പെടാനുള്ള ശ്രമം സന്തോഷ് തുടർന്നു. ഇത് കടുത്ത മാനസികപീഡനമായി മാറിയെന്ന് യുവതി പരാതിയിൽ പറയുന്നു.

പീഡനം സഹിക്കാനാകാതെ 2025 ജൂണിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും യുവതി വെളിപ്പെടുത്തി. ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ രേഖകളും പോലീസിൽ നൽകിയ പരാതിയും ഇതുമായി ബന്ധപ്പെട്ട് ഹാജരാക്കി. പരാതിയിൽ കമ്മ്യൂണിറ്റി സർവീസ് രജിസ്റ്റർ (CSR) പ്രകാരം കേസ് രേഖപ്പെടുത്തി പോലീസ് അന്വേഷണം നടത്തി.

ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിലേക്ക് സന്തോഷിന്റെ ആർടിഐ അപേക്ഷകളുടെ പ്രവാഹമുണ്ടായത്. പോലീസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കൊപ്പം യുവതിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഇയാൾ ആവശ്യപ്പെട്ടു. യുവതി എത്ര പുരുഷന്മാരുമായി പ്രണയത്തിലായിരുന്നു, അവരിൽ ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ, ഇപ്പോൾ മറ്റാരെങ്കിലുമായി ബന്ധത്തിലാണോ തുടങ്ങിയ ചോദ്യങ്ങളും അപേക്ഷകളിലുണ്ടായിരുന്നു.

ഒരു അപേക്ഷയിൽ മാത്രം 179 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ 68 ചോദ്യങ്ങൾ നിർദിഷ്ട തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. യുവതിയുടെ ചിത്രവും ആവശ്യപ്പെട്ടിരുന്നു.

തുടർച്ചയായ അപേക്ഷകൾ ഒടുവിൽ തമിഴ്‌നാട് വിവരാവകാശ കമ്മിഷണർ വി.പി.ആർ. ഇളംപരിതിയുടെ മുന്നിലെത്തി. സന്തോഷിനോട് നേരിട്ട് ഹാജരാകാൻ കമ്മിഷണർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കമ്മിഷനു മുന്നിലെത്തിയ സന്തോഷ് തന്റെ വാദങ്ങൾ അവതരിപ്പിച്ചു.

നിയമം സ്വകാര്യതയിലേക്കുള്ള വഴിയല്ല

വിവരാവകാശ നിയമം സാധാരണക്കാർക്ക് ലഭ്യമായ ശക്തമായ ആയുധമാണെന്ന് കമ്മിഷണർ ഓർമിപ്പിച്ചു. അഴിമതി പുറത്തുകൊണ്ടുവരാനും ഭരണസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനും പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് നിയമം ഉപയോഗിക്കേണ്ടത്. എന്നാൽ വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറാനുള്ള ഉപാധിയായി ഇതിനെ മാറ്റാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1,887 ചോദ്യങ്ങളടങ്ങിയ 97 അപേക്ഷകളും കമ്മിഷൻ തള്ളി. ഇത്തരം അപേക്ഷകൾ സമർപ്പിക്കുന്നത് തുടരരുതെന്ന് സന്തോഷിന് കർശന മുന്നറിയിപ്പും നൽകി.

നവംബർ അഞ്ചിന് പുറത്തിറക്കിയ വിശദമായ ഉത്തരവിൽ, സമാനമായ രീതിയിൽ അപേക്ഷകൾ തുടർന്നാൽ സന്തോഷിനെ മെഡിക്കൽ കൗൺസിലിങ്ങിന് അയയ്ക്കേണ്ടിവരുമെന്നും കമ്മിഷണർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ അവകാശസംരക്ഷണത്തിനായി രൂപപ്പെടുത്തിയ നിയമം ഒരാളുടെ സ്വകാര്യജീവിതത്തിനു പിന്നാലെയുള്ള അന്വേഷണത്തിന് ഉപയോഗിക്കാനാവില്ലെന്ന ശക്തമായ സന്ദേശം കൂടിയായി ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here