25.8 C
Kollam
Sunday 8th November, 2026 | 07:25:17 AM
Home News Breaking News നോട്ട് നിരോധനത്തിന് ഇന്ന് ഒരു പതിറ്റാണ്ട്; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച പ്രഖ്യാപനത്തിന് പത്ത് വയസ്…

നോട്ട് നിരോധനത്തിന് ഇന്ന് ഒരു പതിറ്റാണ്ട്; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച പ്രഖ്യാപനത്തിന് പത്ത് വയസ്…

Advertisement

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരുടെ ജീവിതത്തെയും ഒരുപോലെ പിടിച്ചുലച്ച നോട്ട് നിരോധനത്തിന് ഇന്ന് പത്ത് വയസ്. ഒന്നാം നരേന്ദ്ര മോദി സർക്കാർ 2016 നവംബർ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തായിരുന്നു ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്. അർധരാത്രി മുതൽ പഴയ നോട്ടുകൾ നിയമപരമായ വിനിമയമാധ്യമമല്ലാതായി.

കള്ളപ്പണം, അഴിമതി, കള്ളനോട്ട്, ഭീകരവാദത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം എന്നിവ തടയുക എന്നതായിരുന്നു തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിച്ച് പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുകയെന്ന ലക്ഷ്യവും പിന്നീട് മുന്നോട്ടുവച്ചു. അന്നത്തെ പ്രചാരത്തിലുള്ള ആകെ കറൻസി മൂല്യത്തിന്റെ 86.9 ശതമാനത്തോളം വരുന്ന 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഒറ്റയടിക്ക് അസാധുവാക്കിയത്.
നോട്ട് നിരോധന പ്രഖ്യാപനത്തിനു പിന്നാലെ രാജ്യം വലിയ പ്രതിസന്ധിയിലായി. പഴയ നോട്ടുകൾ മാറ്റിയെടുക്കാനും പണം പിൻവലിക്കാനുമായി ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ കിലോമീറ്ററുകളോളം നീളുന്ന ക്യൂകൾ പ്രത്യക്ഷപ്പെട്ടു. ആവശ്യത്തിന് പുതിയ നോട്ടുകൾ ലഭിക്കാത്തത് വ്യാപാരമേഖലയെയും ചെറുകിട വ്യവസായങ്ങളെയും കാർഷിക മേഖലയെയും ബാധിച്ചു. പണത്തെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന അസംഘടിത മേഖലയ്ക്കും വലിയ ആഘാതമായി. നിരോധിച്ച നോട്ടുകളിൽ വലിയൊരു ഭാഗം ബാങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്നും അതുവഴി കള്ളപ്പണം ഇല്ലാതാക്കാനാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ റിസർവ് ബാങ്കിന്റെ കണക്കുകൾ പുറത്തുവന്നതോടെ ഈ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. അസാധുവാക്കിയ നോട്ടുകളുടെ 99 ശതമാനത്തിലധികവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി.

അതേസമയം, ഡിജിറ്റൽ ഇടപാടുകൾക്ക് നോട്ട് നിരോധനം വേഗം കൂട്ടിയെന്ന വിലയിരുത്തലുമുണ്ട്. യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പിന്നീട് വലിയ വളർച്ച കൈവരിച്ചു. എന്നാൽ പണത്തിന്റെ ഉപയോഗം പൂർണമായി കുറഞ്ഞില്ല. നോട്ട് നിരോധനത്തിനു ശേഷമുള്ള വർഷങ്ങളിലും രാജ്യത്ത് കറൻസി പ്രചാരം വീണ്ടും വർധിച്ചു.
പത്ത് വർഷം പിന്നിടുമ്പോൾ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. കള്ളപ്പണം ഇല്ലാതാക്കുന്നതിലും സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിലും ലക്ഷ്യം എത്രത്തോളം കൈവരിച്ചെന്ന ചോദ്യങ്ങൾക്കൊപ്പം ഡിജിറ്റൽ ഇടപാടുകളുടെ വളർച്ചയും സാമ്പത്തിക രംഗത്തെ മാറ്റങ്ങളും വിലയിരുത്തപ്പെടുന്നു. ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും നിർണായകവും വിവാദപരവുമായ തീരുമാനങ്ങളിലൊന്നായി നോട്ട് നിരോധനം ഇന്നും തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here