26.2 C
Kollam
Sunday 8th November, 2026 | 08:03:56 AM
Home News Breaking News ഇരുളകറ്റി വെളിച്ചം വിതറി ദീപാവലി; ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിറച്ച് ദീപങ്ങളുടെ മഹോത്സവം

ഇരുളകറ്റി വെളിച്ചം വിതറി ദീപാവലി; ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിറച്ച് ദീപങ്ങളുടെ മഹോത്സവം

Advertisement

ദീപങ്ങളുടെ പ്രകാശത്തിൽ നാടും നഗരവും ഒരുപോലെ തിളങ്ങുകയാണ്. തിന്മയ്ക്കുമേൽ നന്മയും അന്ധകാരത്തിനുമേൽ വെളിച്ചവും വിജയം നേടിയതിന്റെ ആഘോഷം. ദീപങ്ങൾ തെളിച്ചും പടക്കങ്ങൾ പൊട്ടിച്ചും മധുരം പങ്കുവെച്ചും ലോകമെങ്ങുമുള്ള വിശ്വാസികൾ ദീപാവലിയെ വരവേൽക്കുന്നു. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ ഒരുപോലെ ആഘോഷിക്കുന്ന ദീപാവലി ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകം കൂടിയാണ്.

ഉത്തരേന്ത്യയിലാണ് ദീപാവലി ഏറ്റവും വിപുലമായ ആഘോഷമായി മാറുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമെല്ലാം കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേരാൻ വീടുകളിലേക്ക് മടങ്ങിയെത്തും. വീടുകളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിക്കും. മധുരപലഹാരങ്ങൾ കൈമാറിയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചും ആഘോഷം സജീവമാകും.

ദീപാവലിക്ക് പിന്നിൽ നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയമെന്ന പൊതുസന്ദേശമാണ് അവയെല്ലാം പങ്കുവയ്ക്കുന്നത്. വിളക്ക് എന്നർഥമുള്ള ‘ദീപം’, നിരയെന്നോ കൂട്ടമെന്നോ അർഥമുള്ള ‘ആവലി’ എന്നീ സംസ്കൃത പദങ്ങൾ ചേർന്നാണ് ദീപാവലി എന്ന വാക്കുണ്ടായത്. ദീപങ്ങളുടെ നിര എന്നാണ് ഇതിന്റെ അർഥം.

ഉത്തരേന്ത്യയിൽ അഞ്ച് ദിവസങ്ങളിലായാണ് ദീപാവലി ആഘോഷിക്കുന്നത്. ധനത്രയോദശി അഥവാ ധൻതേരസ്, നരക ചതുർദശി, ലക്ഷ്മീപൂജ, ഗോവർധൻ പൂജ, ഭായ്ദൂജ് എന്നിങ്ങനെ ഓരോ ദിവസത്തിനും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. ദക്ഷിണേന്ത്യയിൽ പ്രധാനമായും നരക ചതുർദശി ദിനത്തിലാണ് ആഘോഷം കേന്ദ്രീകരിക്കുന്നത്.

ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ സ്മരണയിലാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം. നരകാസുരന്റെ അഹങ്കാരത്തിനും ക്രൂരതയ്ക്കും അന്ത്യം കുറിച്ച് ലോകത്തിന് മോചനം നൽകിയതിന്റെ ആഹ്ലാദമാണ് ഈ ആഘോഷം. കേരളത്തിലെ ദീപാവലി ആചാരങ്ങളും ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുലർച്ചെയുള്ള എണ്ണതേച്ചുള്ള കുളിയും ദീപം തെളിക്കലും ആഘോഷത്തിന്റെ ഭാഗമാണ്.

പാലാഴിമഥനത്തിനിടെ മഹാലക്ഷ്മി അവതരിച്ച ദിവസമാണ് ദീപാവലിയെന്നും വിശ്വാസമുണ്ട്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിയെ വരവേൽക്കാൻ ഉത്തരേന്ത്യയിൽ വീടുകൾ വൃത്തിയാക്കി ദീപങ്ങൾ തെളിച്ച് പ്രത്യേക പൂജകൾ നടത്തുന്നു. ലക്ഷ്മീപൂജയ്ക്കും ദീപാവലി ആഘോഷങ്ങളിൽ വലിയ പ്രാധാന്യമുണ്ട്.

അതേസമയം പശ്ചിമബംഗാൾ, ഒഡിഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ കാളീപൂജയ്ക്കാണ് പ്രാധാന്യം. ശക്തിയുടെ പ്രതീകമായ ഭദ്രകാളിയെ ആരാധിച്ചാണ് അവിടങ്ങളിൽ ദീപാവലി ആഘോഷിക്കുന്നത്. ശ്രീരാമൻ പതിനാലു വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമായും ദീപാവലിയെ കാണുന്നവരുണ്ട്. ധന്വന്തരിയുടെ ജന്മദിനവുമായും ഈ ആഘോഷത്തെ ബന്ധപ്പെടുത്തുന്നു.

ജൈനമത വിശ്വാസികൾക്ക് ദീപാവലിക്ക് മറ്റൊരു ചരിത്രപ്രാധാന്യമുണ്ട്. ജൈനമതത്തിലെ 24-ാമത്തെ തീർഥങ്കരനായ മഹാവീരൻ നിർവാണം പ്രാപിച്ച ദിവസത്തിന്റെ സ്മരണയിലാണ് അവർ ദീപാവലി ആഘോഷിക്കുന്നത്. സിഖ് മതവിശ്വാസികൾക്കും ഈ ദിനം പ്രാധാന്യമുള്ളതാണ്. ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹർഗോബിന്ദ് സാഹിബ് തടവിൽനിന്ന് മോചിതനായി അമൃത്സറിലെത്തിയതിന്റെ സ്മരണയുമായി ദീപാവലിയെ ബന്ധപ്പെടുത്തുന്നു.

ഐതിഹ്യങ്ങൾ പലതാണെങ്കിലും സന്ദേശം ഒന്നുതന്നെ. ഇരുളിനെ അകറ്റി വെളിച്ചത്തിലേക്ക് നടക്കുക. പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രകാശം ജീവിതത്തിൽ നിറയ്ക്കുക. അതുകൊണ്ടുതന്നെ ദീപാവലി കേവലം ഒരു ആഘോഷമല്ല, മനുഷ്യജീവിതത്തിൽ നന്മയുടെ വെളിച്ചം പകരാനുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. ഏവർക്കും News@net- ന്റെ ദീപാവലി ആശംസകൾ….

LEAVE A REPLY

Please enter your comment!
Please enter your name here