ന്യൂഡെല്‍ഹി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ ഇന്ത്യ സഖ്യ എംപിമാരുടെ മാര്‍ച്ച്. പാര്‍ലമെന്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. പിന്നാലെ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കോഡിന് മുന്നില്‍ കയറി എസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാര്‍ച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടുത്തു. അമിത ബലപ്രയോഗം പാടില്ലെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ശക്തമാകുകയാണ്. ഇന്നലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കില്‍ ഇന്ന് മുതല്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാരുടെ മാര്‍ച്ച്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. മാര്‍ച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി.































