27.2 C
Kollam
Sunday 27th September, 2026 | 10:59:31 PM
Home News National ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം, യുവതി അറസ്റ്റില്‍

ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം, യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ദൃശ്യം മോഡലില്‍ വീടിന് അകത്തു കുഴിച്ചിടാനായിരുന്നു ശ്രമിച്ചത്. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. കേസില്‍ 38 കാരിയായ ഷര്‍മിള പ്രവീണ്‍ ജഗ്താപ് ആണ് അറസ്റ്റിലായത്.

ഭര്‍ത്താവ് പ്രവീണ്‍ ജഗ്താപ് ആണ് ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടത്. ജൂലൈ 30 നാണ് കൊലപാതകത്തിന്റെ ആസൂത്രണം ആരംഭിക്കുന്നത്. ഭര്‍ത്താവ് പ്രവീണിന് യുവജി ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഇതോടെ രണ്ടു ദിവസം പ്രവീണ്‍ അബോധാവസ്ഥയിലായി. ഓഗസ്റ്റ് ഒന്നിനാണ് പ്രവീണിന് നേരിയ രീതിയില്‍ ബോധം വീണത്.

ഇതോടെ യുവതി ബാറ്റുകൊണ്ട് പ്രവീണിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. ഇതിനിടെ വീടിന് അകത്ത് ഇഷ്ടിക കൊണ്ട് ചതുരാകൃതിയില്‍ പ്രത്യേക കല്ലറ യുവതി കെട്ടിയുണ്ടാക്കിയിരുന്നു. ഇതില്‍ ഭര്‍ത്താവിനെ കിടത്തി സ്ലാബ് ഇട്ടു മൂടാനായിരുന്നു പദ്ധതി. നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചതാണ് പദ്ധതി പുറം ലോകം അറിയാനിടയാക്കിയത്.

കൂടിയ അളവില്‍ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കി മര്‍ദ്ദിച്ചവശനാക്കി വലിച്ചിഴച്ച് ബാല്‍ക്കണിയില്‍ നിന്നും, പ്രത്യേകം തയ്യാറാക്കിയ കുഴിയിലേക്ക് ഇടുകയായിരുന്നു. പ്രവീണിനൊപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവിനും യുവതി ഉറക്കഗുളിക നല്‍കിയിരുന്നു. എന്നാല്‍ ബോധം വീണ്ടെടുത്ത അമ്മ നോക്കുമ്പോള്‍ കണ്ടത്, മകനെ യുവതി മര്‍ദ്ദിക്കുന്നതാണ്. തുടര്‍ന്ന് മറ്റൊരു മകനെ വിളിച്ചു വരുത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അയാളെത്തിയാണ് കുഴിയില്‍ കിടന്ന പ്രവീണിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

പ്രവീണിന്റെ അച്ഛന്റെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുര്‍മന്ത്രവാദത്തിന്റെ ഫലമായാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. യുവതി വീട്ടിലെ കലണ്ടറില്‍ ജൂലൈ 13 നും 14 നും നോ റിസള്‍ട്ട് എന്ന് എഴുതിയിരുന്നു. ഇത് ദുര്‍മന്ത്രവാദത്തിന്റെയോ പൈശാചിക ആരാധനയുടേയോ ഭാഗമാകാമെന്ന് പ്രവീണ്‍ ആരോപിക്കുന്നു. യുവതിക്ക് വലിയ അളവില്‍ ഉറക്കഗുളിക നല്‍കിയ മെഡിക്കല്‍ ഷോപ്പിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.