ന്യൂഡല്‍ഹി: ഓഗസ്റ്റ് 4-ന് ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം (AI2379) പെട്ടെന്ന് താഴേക്ക് പതിച്ച് നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പറക്കലിനിടെ താന്‍ കോക്പിറ്റിനുള്ളില്‍ വെച്ച് 30 മുതല്‍ 35 മിനിറ്റോളം ഉറങ്ങിയിരുന്നുവെന്ന് വിമാനത്തിലെ പൈലറ്റ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് മൊഴി നല്‍കി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് പൈലറ്റ് സംഭവദിവസത്തെ കാര്യങ്ങള്‍ വിശദീകരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് കടുത്ത ഉറക്കമില്ലായ്മ അനുഭവപ്പെട്ടിരുന്നുവെന്നും കുടുംബ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും പൈലറ്റ് സമ്മതിച്ചു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ലേഓവര്‍ സമയത്തും തനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. അപകടത്തിന് ശേഷമുള്ള പൈലറ്റിന്റെ ലഹരി പരിശോധനയില്‍ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് എയര്‍ലൈന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കണമെന്ന നിയമം പൈലറ്റ് പാലിച്ചിരുന്നോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
കോക്പിറ്റില്‍ സംഭവിച്ചത് എന്ത്?
പറക്കലിനിടെ 35 മിനിറ്റോളം ഉറങ്ങിയ ശേഷം എഴുന്നേറ്റ പൈലറ്റ് വാഷ്റൂമില്‍ പോയി തിരികെ കോക്പിറ്റിലേക്ക് എത്തിയ സമയത്താണ് അപകടമുണ്ടാകുന്നത്. കോക്പിറ്റില്‍ ഫസ്റ്റ് ഓഫീസര്‍ക്ക് പിന്നില്‍ നിന്ന് എയര്‍ കണ്ടീഷനിങ് സിസ്റ്റത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ശക്തമായ ആഘാതത്തില്‍ താന്‍ കോക്പിറ്റിന്റെ തറയിലേക്ക് തെറിച്ചുവീണുവെന്ന് പൈലറ്റിന്റെ മൊഴിയില്‍ പറയുന്നു. ഈ സമയത്ത് ഫസ്റ്റ് ഓഫീസറായിരുന്നു വിമാനം പറത്തിയിരുന്നത്. കോക്പിറ്റിലുണ്ടായിരുന്ന ക്യാബിന്‍ ക്രൂ അംഗമാണ് വീണുപോയ പൈലറ്റിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചത്.
ഒരു മിനിറ്റില്‍ ഉയര്‍ന്നത് 9 മുന്നറിയിപ്പുകള്‍
VT-EXO എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള എയര്‍ബസ് A320 വിമാനത്തിലെ ‘സെന്‍ട്രലൈസ്ഡ് ഫോള്‍ട്ട് ഡിസ്പ്ലേ സിസ്റ്റം’ പരിശോധിച്ചതില്‍ നിന്ന് അപകട സമയത്തെക്കുറിച്ചുള്ള കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തേക്ക് വിമാനം പ്രവേശിച്ച ഘട്ടത്തില്‍, രാവിലെ 9.32-ഓടെ ഒരൊറ്റ മിനിറ്റിനുള്ളില്‍ ഒന്‍പതോളം അടിയന്തര വാണിംഗ് മെസ്സേജുകളാണ് സിസ്റ്റത്തില്‍ ഉയര്‍ന്നത്.
വിമാനത്തിലെ ഗ്രീന്‍, ബ്ലൂ, യെല്ലോ ഹൈഡ്രോളിക് സിസ്റ്റങ്ങളിലെ പ്രഷര്‍ കുറഞ്ഞതും, യെല്ലോ, ബ്ലൂ സിസ്റ്റങ്ങളിലെ റിസര്‍വോയര്‍ ലെവല്‍ താഴേക്ക് പോയതും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഓട്ടോ പൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും എലിവേറ്റര്‍ ഫ്‌ലൈറ്റ് കണ്‍ട്രോളില്‍ തകരാര്‍ നേരിടുകയും ചെയ്തു.
തുടര്‍ന്ന് 9.33-നും 9.35-നും ഇടയില്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ സെന്‍സറുകളിലും മുന്നറിയിപ്പുകള്‍ സജീവമായി. പിന്നീട് 10.52-ന് വീണ്ടും ഒരു തവണ കൂടി ഓട്ടോ പൈലറ്റ് സിസ്റ്റം വിച്ഛേദിക്കപ്പെട്ടു. ഫ്‌ലൈറ്റ്രാഡാര്‍ ഡാറ്റ പ്രകാരം 36,160 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 35,800 അടിയിലേക്ക് (ഏകദേശം 360 അടി താഴേക്ക്) കുത്തനെ പതിക്കുകയായിരുന്നു. ഹൈഡ്രോളിക് ദ്രാവകങ്ങള്‍ പെട്ടെന്ന് മാറിയതാവാം ഒരു മിനിറ്റില്‍ നിരവധി മുന്നറിയിപ്പുകള്‍ ഉയരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു.
അതിനിടെ നിർണ്ണായക തീരുമാനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾക്ക് കീഴിലുള്ള മുഴുവൻ പൈലറ്റുമാർക്കും വ്യാഴാഴ്ച മുതൽ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധന (സൈക്കോആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റ്) നിർബന്ധമാക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു.
രണ്ട് എയർലൈനുകളിലുമായി അയ്യായിരത്തിലധികം പൈലറ്റുമാരാണ് സേവനമനുഷ്ഠിക്കുന്നത്. നിലവിലെ വ്യോമയാന നിയമങ്ങൾ അനുസരിച്ച് എയർലൈൻ ക്രൂ അംഗങ്ങളിൽ 10 ശതമാനം പേർക്ക് മാത്രമാണ് ഒരു വർഷം ലഹരി പരിശോധന നടത്തേണ്ടതുള്ളത്. എന്നാൽ ഈ നിയമം മറികടന്ന് തങ്ങളുടെ മുഴുവൻ പൈലറ്റുമാരെയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.



























