26.1 C
Kollam
Saturday 15th August, 2026 | 10:10:46 PM
Home News National തിരുപ്പതി ദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ; മടങ്ങിവരവിന് മുന്നോടിയായി അനുഗ്രഹം തേടി

തിരുപ്പതി ദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ; മടങ്ങിവരവിന് മുന്നോടിയായി അനുഗ്രഹം തേടി

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ഹര്‍ദിക് പാണ്ഡ്യതിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. താരം തലമുണ്ഡലം ചെയ്ത് പുതിയ ലുക്കിലാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. സുഹൃത്ത് മഹിക ശര്‍മയും ഹര്‍ദിക്കിനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രഭാത പൂജയായ സുപ്രഭാത സേവയില്‍ പങ്കെടുത്ത ശേഷമാണ് ഇരുവരും വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടിയത്.

പരമ്പരാഗത വെള്ള വസ്ത്രധാരണത്തിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരുപ്പതി ക്ഷേത്രത്തില്‍ നേര്‍ച്ചയുടെ ഭാഗമായി മുടി സമര്‍പ്പിക്കുന്ന പതിവ് ഭക്തര്‍ക്കിടയില്‍ വ്യാപകമാണ്. എന്നാല്‍ തല മൊട്ടയടിച്ചതിന്റെ കാരണം ഹാര്‍ദിക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പരിക്കിനെ തുടര്‍ന്ന് മാസങ്ങളായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഹാര്‍ദിക്, തിരിച്ചുവരവിനായുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. 2026 ഐപിഎല്ലിന് ശേഷം പുറംവേദനയും തുടയിലെ പരിക്കും കാരണം അദ്ദേഹം വിശ്രമത്തിലായിരുന്നു. ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ റീഹാബിലിറ്റേഷനും റിട്ടേണ്‍-ടു-പ്ലേ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ താരം ഇന്ത്യയുടെ വരാനിരിക്കുന്ന വൈറ്റ്-ബോള്‍ മത്സരങ്ങളിലൂടെ വീണ്ടും ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ്.

പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ പരിമിത ഓവര്‍ പരമ്പര, ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി20 മത്സരങ്ങള്‍, സിംബാബ്വെയ്‌ക്കെതിരായ വൈറ്റ്-ബോള്‍ പരമ്പര എന്നിവ ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. 2026 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിച്ചെങ്കിലും പ്ലേ ഓഫ് കാണാതെ പുറത്താകുകയായിരുന്നു.

നീണ്ട ഇടവേളയ്ക്കുശേഷമുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് നിര്‍ണായക കരുത്താകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും.