കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരായ ആസൂത്രിത നീക്കമായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തെ സാധാരണ ക്രമസമാധാന പ്രശ്നമായോ പെട്ടെന്നുണ്ടായ ജനരോഷമായോ വിലയിരുത്താനാകില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടി. നിയമപരമായ അന്വേഷണം തടസ്സപ്പെടുത്തുക, ഔദ്യോഗിക കൃത്യനിർവഹണം തടയുക, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക എന്നിവയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കൊച്ചി ഇഡി അസിസ്റ്റന്റ് ഡയറക്ടർ വി. സനാഥ് റെഡ്ഡി ഒപ്പുവെച്ച സത്യവാങ്മൂലത്തിൽ, ഔദ്യോഗിക ചുമതല നിർവഹിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥർക്കെതിരെ മാരകായുധങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് വ്യക്തമാക്കുന്നു.
ഇഡി ഉദ്യോഗസ്ഥരെയും സിആർപിഎഫ് അംഗങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വാഹനങ്ങൾ തടഞ്ഞുനിർത്തുകയും, കല്ലെറിയുകയും, സർക്കാർ വാഹനങ്ങൾ തകർക്കുകയും, ഉദ്യോഗസ്ഥരെ വധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തതായി ഇഡി കോടതിയെ അറിയിച്ചു.
പരിശോധന ആരംഭിച്ച ഉടൻ ഉണ്ടായ പ്രതികരണമല്ല ആക്രമണമെന്ന് ഇഡി വാദിക്കുന്നു. രാവിലെ ആരംഭിച്ച പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങാൻ ഒരുങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. പരിശോധനയ്ക്കും ആക്രമണത്തിനുമിടയിലെ സമയദൈർഘ്യം പ്രവർത്തകരെ സംഘടിപ്പിക്കാനും ആക്രമണത്തിന് തയ്യാറെടുക്കാനും അവസരമൊരുക്കിയെന്നാണ് ഇഡിയുടെ വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും, അവ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നതിന് പ്രാഥമിക തെളിവാണെന്നും ഇഡി കോടതിയെ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.




























