27.7 C
Kollam
Saturday 19th September, 2026 | 10:59:02 PM
Home News Breaking News 73 കാരന് 51കാരിയുമായി ‘ലിവ് ഇൻ റിലേഷൻ’, ഭാര്യയുടെ പരാതിയിൽ മക്കളടക്കമുള്ളവർക്കെതിരെ കേസ്; റദ്ദാക്കി കർണാടക...

73 കാരന് 51കാരിയുമായി ‘ലിവ് ഇൻ റിലേഷൻ’, ഭാര്യയുടെ പരാതിയിൽ മക്കളടക്കമുള്ളവർക്കെതിരെ കേസ്; റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭ‍ർത്താവിന് മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ റിലേഷൻ ഉണ്ടെന്നും ബഹുഭാര്യത്വത്തിന് കേസെടുക്കണമെന്നുമുള്ള ഭാര്യയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. കർണാടക ഹൈക്കോടതിയാണ് ലിവ് ഇൻ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. നിയമാനുസൃതമല്ലാത്ത ലിവ് ഇൻ ബന്ധത്തിന്റെപേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. ബഹുഭാര്യത്വം ആരോപിച്ച് ഭാര്യ നൽകിയ പരാതിക്കെതിരെ 73-കാരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയെ ഉത്തരവ്.

ബഹുഭാര്യത്വം ആരോപിച്ച് ഭാര്യ നൽകിയ ഹർജിയെത്തുടർന്ന് മൈസൂരുവിലുള്ള സിവിൽ കോടതി ഭ‍ത്താവിനെതിരെ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഹൈക്കോടതി ഈ കേസ് റദ്ദാക്കി. ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും തന്റെ രണ്ടുമക്കളും ഈ ബന്ധത്തെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരന്റെ ഭാര്യ സിവിൽകോടതിയെ സമീപിച്ചത്. തന്റെ ഭർത്താവ് 51 വയസ്സുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും രണ്ട് ആൺ മക്കൾ അയാളെ പിന്തുണയ്ക്കുന്നുണ്ടെന്നും സ്ത്രീ ആരോപിച്ചു. തുടർന്ന് ഭർത്താവിനെയും രണ്ട് മക്കളെയും ലിവ് ഇൻ പങ്കാളിയെയും പ്രതികളാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.

എന്നാൽ വെറും ലിവ് ഇൻ ബന്ധത്തിന്റെ പേരിൽ മക്കളെ പ്രതിചേർക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബന്ധത്തെ അനുകൂലിച്ചുവെന്നപേരിൽ ഇവർക്കെതിരേ നടപടിയെടുക്കാനും സാധിക്കില്ലെന്നും പ്രതികൾ എപ്പോഴാണ് വിവാഹംചെയ്തത് എന്നതടക്കമുള്ള തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.