26.6 C
Kollam
Saturday 12th September, 2026 | 01:51:14 AM
Home News National സാങ്കേതിക തകരാര്‍….വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം, ആ സമയത്ത് ടോയ്‌ലറ്റില്‍ പോകണമെന്ന് യാത്രക്കാരിയുടെ വാശി… ഒടുവില്‍...

സാങ്കേതിക തകരാര്‍….വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ശ്രമം, ആ സമയത്ത് ടോയ്‌ലറ്റില്‍ പോകണമെന്ന് യാത്രക്കാരിയുടെ വാശി… ഒടുവില്‍ വലിയ തര്‍ക്കം

എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുന്നതിനിടെ യാത്രക്കാരിയും വിമാനജീവനക്കാരും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിയാണ് കഴിഞ്ഞദിവസം കാബിന്‍ ക്രൂവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
വിമാനം ടേക്കോഫ് ചെയ്തതിന് പിന്നാലെ സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അടിയന്തര ലാന്‍ഡിങ്ങിനായി വിമാനം തയാറെടുത്തത്. ഇതിനുവേണ്ടി കടലിന് മുകളില്‍ വച്ച് ഇന്ധനം കത്തിച്ചുകളയേണ്ടിയിരുന്നു. ഈ സമയത്ത് യാത്രക്കാരി അപ്രതീക്ഷിതമായി സീറ്റില്‍ നിന്നെഴുന്നേറ്റ് ടോയ്ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു.
ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അത് അപകടമാണെന്നും ക്യാബിന്‍ ക്രൂ പലവട്ടം യാത്രക്കാരിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാല്‍ സീറ്റിലേക്ക് മടങ്ങണമെന്നും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും ക്യാബിന്‍ ക്രൂ അപേക്ഷിച്ചെങ്കിലും യാത്രക്കാരി സഹകരിച്ചില്ല. ടോയ്ലറ്റിന്റെ വാതില്‍ ബലമായി തള്ളിത്തുറക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ ജീവനക്കാര്‍ തടഞ്ഞു.
ശേഷം നിര്‍ബന്ധപൂര്‍വം സീറ്റില്‍ ഇരുത്തി. വിമാനം ലാന്‍ഡ് ചെയ്തതോടെ ക്യാബിന്‍ ക്രൂവിനെതിരെ യാത്രക്കാരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ജീവനക്കാര്‍ മോശമായി പെരുമാറി എന്നാരോപിച്ചാണ് യാത്രക്കാരി വിമാനത്താവള അധികൃതരെ സമീപിച്ചത്. തുടര്‍ന്ന് പരാതി വലിയതുറ സ്റ്റേഷനിലേക്ക് കൈമാറി. എന്നാല്‍ സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി.
സാങ്കേതികപ്രശ്‌നം മൂലം അടിയന്തരമായി വിമാനം തിരിച്ചിറക്കുന്ന സമയത്തെ സുരക്ഷാ മുന്‍കരുതലുകളെപ്പറ്റിയും നിയമങ്ങളെക്കുറിച്ചും പൊലീസ് യാത്രക്കാരിയോട് വിശദീകരിച്ചതോടെയാണ് അവര്‍ പരാതി പിന്‍വലിച്ചത്.