കരുനാഗപ്പള്ളി. താലൂക്ക് ആശുപത്രിയിൽ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തുവന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ 45 ദിവസക്കാലമായി കരുനാഗപ്പള്ളി നഗരസഭയ്ക്ക് മുന്നിൽ നടത്തിവന്ന സമരം വിജയം കണ്ടു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് എൽഡിഎഫ് നേതാക്കളും നഗരസഭ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇതോടെ സമരം അവസാനിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു.
കഴിഞ്ഞമാസം ആറിനാണ് താലൂക്കാശുപത്രിയിൽ 10 വർഷത്തിലേറെയായി ശുചീകരണ തൊഴിലാളികളായി ജോലി ചെയ്തുവന്ന കുടുംബശ്രീ പ്രവർത്തകരെ മുൻകൂർ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ട നടപടിയുണ്ടായത്. തുടർന്ന് ഹോസ്പിറ്റൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) ന്‍റെയും എൽഡിഎഫിന്റെയും നേതൃത്വത്തിൽ നഴ്സിംഗ് സൂപ്രണ്ടിന്റെ ഓഫീസിൽ പ്രതിഷേധവും ഉപരോധവും സംഘടിപ്പിച്ചു. തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയശേഷം കരുനാഗപ്പള്ളി പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കാതെ വന്നതോടെ എൽഡിഎഫ് മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ സമരം ആരംഭിക്കുകയായിരുന്നു. 45 ദിവസമായി നടന്നുവന്ന സമരത്തിനിടെ നഗരസഭയ്ക്ക് അകത്തും പുറത്തും എൽഡിഎഫ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. നിരവധി സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായെത്തി.
തുടർന്ന് രണ്ടുതവണ ചർച്ചയ്ക്ക് തയ്യാറായെങ്കിലും പ്രശ്നപരിഹാരത്തിന് വഴി തുറന്നിരുന്നില്ല. കഴിഞ്ഞദിവസം മുനിസിപ്പൽ ചെയർമാന്റെയും എൽഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിലാണ് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന തീരുമാനം ഉണ്ടാകുന്നത്. സമരം വിജയിച്ചതോടെ തിങ്കളാഴ്ച രാവിലെ സമരപ്പന്തലിൽ വിജയാഹ്ലാദവും സമരം ചെയ്ത തൊഴിലാളികൾക്ക് മധുര വിതരണവും നടന്നു. തുടർന്ന് ചേർന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി ജഗത്ജീവൻ ലാലി, സിഐടിയു ഏരിയ സെക്രട്ടറി ബി എ ബ്രിജിത്ത്, അഡ്വ ബി ഗോപൻ തുടങ്ങിയവർ സംസാരിച്ചു.































