കൊല്ലം: മെലിഞ്ഞ ശരീരം, ശാന്തമായ സംസാരം, ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യുന്ന സ്വഭാവം. ചാമക്കടയിൽ നാട്ടുകാർക്കും തൊഴിലുടമകൾക്കും പരിചിതനായിരുന്ന യുവാവിന്റെ യഥാർഥ പശ്ചാത്തലം പുറത്തുവന്നതോടെ പ്രദേശവാസികൾ ഞെട്ടി. ബിഹാർ പോലീസിന്റെ കൊടുംകുറ്റവാളിപ്പട്ടികയിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് അജാജ് അഹമ്മദാണ് (32) കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ബിഹാറിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ബൈദ്യനാഥ് മഹ്‌തോയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലുൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജാജ്. ഇയാളെ കണ്ടെത്താൻ ബിഹാർ സർക്കാർ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇത്രയും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നിട്ടും വർഷങ്ങളായി കൊല്ലത്ത് സാധാരണ തൊഴിലാളിയെപ്പോലെ കഴിഞ്ഞത് അന്വേഷണസംഘത്തെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു.
കേരളത്തിൽ ആറുവർഷത്തിലേറെ താമസം
2016 മുതൽ അതിഥിത്തൊഴിലാളിയെന്ന നിലയിൽ കേരളത്തിൽ താമസിച്ചുവരികയായിരുന്നു അജാജ്. കൊല്ലത്ത് ഡ്രൈവറായും മറ്റും ജോലി ചെയ്തു. ഭാര്യയും കുട്ടികളും മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ജോലിയിൽ ആത്മാർഥതയും പെരുമാറ്റത്തിൽ സൗമ്യതയും പുലർത്തിയിരുന്നതിനാൽ തൊഴിലുടമകൾക്കും ഇയാളോട് വിശ്വാസമായിരുന്നു. എന്നാൽ ഇടയ്ക്കിടെ ബിഹാറിലെത്തി കൊലപാതകവും മോഷണവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു ഇയാളെന്നാണ് ബിഹാർ പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ സെപ്റ്റംബർ 12നാണ് ബിഹാറിലെ സീതാമഠിയിൽ ആർ.ജെ.ഡി നേതാവ് ബൈദ്യനാഥ് മഹ്‌തോ വെടിയേറ്റ് കൊല്ലപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയ മഹ്‌തോയെ അജാജും ത്രിഭുവൻ എന്നയാളും ചേർന്ന് വെടിവെക്കുകയായിരുന്നുവെന്നാണ് കേസ്. പ്രതികൾക്കായി നടത്തിയ തിരച്ചിലിൽ കരിമ്പിൻതോട്ടത്തിനടുത്ത് ഒളിപ്പിച്ച നിലയിൽ അജാജിന്റെ ബൈക്കും ആയുധങ്ങളും കണ്ടെത്തി. നൂറുകണക്കിന് പോലീസുകാരും നാട്ടുകാരും ഡ്രോണുകളുടെ സഹായത്തോടെ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും അജാജിനെ കണ്ടെത്താനായില്ല. ഒടുവിൽ ത്രിഭുവൻ പിടിയിലായെങ്കിലും അജാജ് രക്ഷപ്പെട്ടു.
ഫോൺവിളി അന്വേഷണത്തിന് വഴിത്തിരിവായി
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അജാജിന്റെ നീക്കങ്ങൾ കണ്ടെത്തുക ബിഹാർ പോലീസിന് വെല്ലുവിളിയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺവിളികൾ നിരീക്ഷിക്കുന്നതിനിടെയാണ് കേരളത്തിൽനിന്നുള്ള ഒരു കോൾ അന്വേഷണത്തിൽ നിർണായകമായത്. ബന്ധുവിന്റെ ഫോണിലേക്ക് വന്ന കോൾ അജാജിന്റെ സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ള സിം കാർഡിൽനിന്നാണെന്ന് കണ്ടെത്തി. ഇതോടെ ഇയാൾ കേരളത്തിലുണ്ടെന്ന സംശയം ബലപ്പെട്ടു.
ബിഹാർ പോലീസ് ഉദ്യോഗസ്ഥർ കേരളത്തിലെത്തി നടത്തിയ അന്വേഷണത്തിൽ അജാജിന്റെ സുഹൃത്ത് കൊച്ചിയിലുണ്ടെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് അജാജ് കൊല്ലത്തുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസിന്റെ സഹായം തേടി. സംയുക്ത അന്വേഷണത്തിൽ ചാമക്കടയിലെ വാടകവീട് കണ്ടെത്തിയെങ്കിലും അപ്പോഴേക്കും അജാജും കുടുംബവും അവിടെനിന്ന് താമസം മാറിയിരുന്നു.
വീടിന്റെ അഡ്വാൻസ് തുക വാങ്ങാനായി അജാജ് തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിൽ പോലീസ് കാത്തിരുന്നു. ഒടുവിൽ പണം വാങ്ങാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. പിടിയിലാകുമ്പോൾ കൈത്തോക്ക് കൈവശം സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ബിഹാറിൽ നടത്തിയ മോഷണങ്ങളിൽനിന്ന് ലഭിച്ച പണമാണിതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ചാമക്കടയിൽ വർഷങ്ങളായി സാധാരണക്കാരനായി ജീവിച്ചിരുന്ന ഒരാൾ ബിഹാറിലെ കൊടുംകുറ്റവാളിപ്പട്ടികയിലെ പ്രതിയാണെന്ന വിവരം പുറത്തുവന്നതോടെ അതിഥിത്തൊഴിലാളികളുടെ തിരിച്ചറിയൽ പരിശോധനയും താമസവിവരങ്ങളുടെ കൃത്യമായ ശേഖരണവും സംബന്ധിച്ച ചർച്ചകളും വീണ്ടും സജീവമാകുകയാണ്.




























