കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഇതര സംസ്ഥാന സര്‍വീസുകളടക്കം കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വനിത- ശിശുവികസന, തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്ത് നിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് കൊല്ലം ഡിപ്പോയില്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുരുവിള ജോസഫ് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അജിത് കുമാര്‍. ബി, ഡിപ്പോ എന്‍ജിനീയര്‍ ഷാജു.വി.വി., ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, കൊല്ലം ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി, കൊല്ലം രൂപത പ്രൊക്യുറേറ്റര്‍ ഫാ.ജോളി എബ്രഹാം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.15ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് പിറ്റേന്ന് രാവിലെ 6.05ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയില്‍ നിന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ ഏഴിന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് 616 രൂപയാണ് നിരക്ക്. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ 10 രൂപ സര്‍വീസ് ചാര്‍ജ് കൂടി ഈടാക്കും. തിരുവനന്തപുരം, കളിയക്കാവിള, നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുന്നത്. നാഗപട്ടണത്ത് സ്റ്റോപ്പുള്ളതിനാല്‍ നാഗൂര്‍ ദര്‍ഗയിലേക്ക് പോകുന്നവര്‍ക്കും ബസ് സര്‍വീസ് സഹായകമാകും.
കൊല്ലം-വേളാങ്കണ്ണി കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു
Advertisement




























