കൊല്ലം: കള്ളനോട്ട് നിർമാണ സാമഗ്രികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന സിബിയോണിന്റെ ഭാര്യ ടിൻസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കടം നൽകിയ പണം തിരികെ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് പണം വാങ്ങാനുള്ളവർ വീട്ടിലെത്തിയപ്പോൾ ശരീരത്തിൽ ടർപന്റൈൻ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ ടിൻസിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ടിൻസിയിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ കോടികളുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ചിട്ടി നടത്തി ലഭിച്ച പണമാണ് അക്കൗണ്ടിലെത്തിയതെന്നായിരുന്നു അന്വേഷണസംഘത്തോട് ടിൻസി വിശദീകരിച്ചത്. എന്നാൽ ഈ മൊഴി അന്വേഷണസംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
ടിൻസിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ വിളിപ്പിക്കാനിരിക്കെയാണ് ആത്മഹത്യാശ്രമം. ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മുൻകൂർ ജാമ്യത്തിനടക്കം ടിൻസി അപേക്ഷ നൽകിയിട്ടുണ്ട്.
അതിനിടെ, തിമിംഗല ഛർദി (ആംബർഗ്രിസ്) കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സിബിയോണെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്.
Advertisement



























