കൊല്ലം ചെങ്കോട്ട തീവണ്ടി പാതയില്‍ മെമു സര്‍വ്വീസുകള്‍ അടിയന്തിരമായി ആരംഭിക്കണമെന്നുളള ആവശ്യം നടപ്പാക്കുമെന്ന് റയില്‍വേ അധികൃതര്‍ ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഗേജ്ജ് മാറ്റവും വൈദ്യുതീകരണവും കഴിഞ്ഞതിനു ശേഷവും കൊല്ലം – ചെങ്കോട്ട പാതയില്‍ പകല്‍ സമയത്ത് പ്രദേശവാസികള്‍ക്ക് യാത്ര ചെയ്യുവാന്‍ സൗകര്യപ്രദമായ തീവണ്ടികള്‍ ഇല്ലാത്തതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മെമു സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ദക്ഷിണറയില്‍വേ ത്വരിതപ്പെടുത്തിയത്. നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നും ചെന്നൈയിലേയ്ക്കുളള വന്ദേഭാരത് എകസ്പ്രസ്സുകളുടെ കണ്‍ക്ഷന്‍ കിട്ടുന്ന നിലയില്‍ കൊല്ലം – തിരുവനെല്‍വേലി തീവണ്ടി സര്‍വ്വീസ് പുനരാരംഭിക്കണമെന്നാവശ്യത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും റയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയ മെമു റേക്കുകള്‍ കൊല്ലത്തിന് അനുവദിക്കുമ്പോള്‍ കൊല്ലം – ചെങ്കോട്ട പാതയില്‍ മെമു സര്‍വ്വീസ് ആരംഭിക്കുവാനുളള നടപടികളാണ് ത്വരിതപ്പെടുത്തുന്നത്. കൂടുതല്‍ മെമു റേക്കുകള്‍ ദക്ഷിണറയില്‍വേ റയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.





























