തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു.
ഒക്ടോബർ 6ന് ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് സമിതി വ്യക്തമാക്കി. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പരിഹരിക്കുന്നതിനായി സെപ്റ്റംബർ 2ന് സർക്കാർ പ്രത്യേക കമ്മീഷനെ നിയമിച്ചിരുന്നു. എന്നാൽ പത്മനാഭൻ കമ്മീഷൻ സമർപ്പിച്ച നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് ബസുടമകളുടെ ആരോപണം.
കെഎസ്ആർടിസിക്ക് മാത്രം പ്രാധാന്യം നൽകുകയും സ്വകാര്യ ബസ് മേഖലയെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് ഗതാഗതമന്ത്രിയുടേതെന്നും സംയുക്ത സമിതി കുറ്റപ്പെടുത്തി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ഓരോ ദിവസവും രണ്ടുപേർ വീതം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കും.





























