‘ഓപ്പറേഷന്‍ തെളിമ-2 ‘ പദ്ധതിയുടെ ഭാഗമായി എണ്ണപ്പലഹാരങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും നിര്‍മിച്ച് വിതരണം ചെയ്യുന്ന യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെയും വൃത്തിഹീനമായും പ്രവര്‍ത്തിച്ച നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ച രാവിലെ അഞ്ച് മണി മുതല്‍ കൊല്ലം ടൗണ്‍ പരിസരത്തും പുനലൂര്‍, കൊട്ടാരക്കര മേഖലയിലുമാണ് പരിശോധന നടന്നത്. അഞ്ച് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ 21 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ എട്ട് സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസും നല്‍കി.
വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മ്മിച്ച് സൂക്ഷിച്ച 15 കിലോ മധുരസേവയും 10 കിലോ കപ്പലണ്ടിയും പിടിച്ചെടുത്ത് നശിപ്പിച്ചു.
കൊല്ലം ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ അനീഷ എ, ചിത്രമുരളി, ആഫില യൂസഫ്, യാസര്‍ അഹമ്മദ്, റസീമ എസ് ആര്‍, സ്നേഹ വിജയന്‍, അന്‍സി എല്‍, അഞ്ചു എസ് എസ്, മാനസ എസ്, നിഷ റാണി. എസ്, അഖില ബി എസ്, അരുണ്‍കുമാര്‍ വി എസ്, ജോബിന്‍ എ തമ്പി എന്നിവര്‍ പങ്കെടുത്തു.
ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണത്തിലും സംഭരണത്തിലും ശുചിത്വം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരില്‍ അറിയിക്കാം.





























