കൊല്ലം : പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം കൈപ്പറ്റിയതായി ആശ്രിതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അംഗം വി. ഗീത യുടെ നിർദ്ദേശാനുസരണമാണ് കെ.എസ്.ഇ.ബിയുടെ നടപടി.
2025 ജൂൺ 1 നാണ് പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണപിള്ള ഷോക്കേറ്റ് മരിച്ചത്. മരിച്ചയാളുടെ മകൾ പി. അശ്വതിയാണ് പരാതി നൽകിയത്.
2025 മേയ് 29 നാണ് മരം വീണ് പോസ്റ്റ് മറിഞ്ഞു വീണത്. ജൂൺ ഒന്നിന് വൈദ്യുതി താത്ക്കാലികമായി പുന:സ്ഥാപിച്ചു. ജൂൺ ഒന്നിന് വൈകിട്ട് ഗോപാലകൃഷ്ണപിള്ള പറമ്പിൽ കൃഷിപണിക്ക് ഇറങ്ങിയപ്പോൾ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. പൊട്ടിവീണ കമ്പികൾ യാതൊരുവിധ സുരക്ഷയുമില്ലാതെ താത്ക്കാലികമായി പുന:സ്ഥാപിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്ന് പരാതിയിൽ പറഞ്ഞു. തുടർന്നാണ് നടപടിയെടുക്കാൻ കമ്മീഷൻ കെ.എസ്.ഇ.ബി എം.ഡി ക്ക് നിർദ്ദേശം നൽകിയത്.





























