28.3 C
Kollam
Wednesday 30th September, 2026 | 07:43:06 PM
Home News Local മുതുപിലാക്കാട് ക്ഷേത്രസംഭവം: പ്രത്യേക അന്വേഷണസംഘം വേണമെന്ന് ഡിവൈഎഫ്ഐ

മുതുപിലാക്കാട് ക്ഷേത്രസംഭവം: പ്രത്യേക അന്വേഷണസംഘം വേണമെന്ന് ഡിവൈഎഫ്ഐ

ശാസ്താംകോട്ട: മുതുപിലാക്കാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും മതചിഹ്നവും തകർത്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർഥ കുറ്റക്കാരെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ-പൊലീസ് സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
മുതുപിലാക്കാട് പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ കുറെക്കാലമായി രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നിരവധി തവണ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മർദനമേറ്റതായും സംഘടനാ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയതായും പ്രസ്താവനയിൽ ആരോപിച്ചു. പട്ടാപ്പകൽ പ്രചാരണസാമഗ്രികൾ നശിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടും ഡിവൈഎഫ്ഐ സമാധാനപരമായും നിയമപരമായുമാണ് മുന്നോട്ടുപോയതെന്നും നേതാക്കൾ പറഞ്ഞു.
എന്നാൽ ക്ഷേത്രത്തിലെ സംഭവത്തെ മതവൽക്കരിച്ച് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി സംഘർഷത്തിന് വഴിയൊരുക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇതിന് പിന്നിൽ ആർഎസ്എസിന് പങ്കുണ്ടെന്നുമുള്ള ആരോപണവും ഡിവൈഎഫ്ഐ ഉന്നയിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കാണിക്കവഞ്ചിയും മതചിഹ്നവും തകർത്തവരെ കണ്ടെത്തണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ്, സെക്രട്ടറി എസ്. സുധീർ ഷാ എന്നിവർ പ്രസ്താവന പുറപ്പെടുവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here