ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് ആവശ്യപ്പെട്ടു.
പ്രതിദിനം ഏഴായിരത്തിലധികം യാത്രക്കാർ വന്നു പോകുന്ന സ്റ്റേഷന്റെ രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും പകുതിയിലേറെ ഭാഗം കാട് മൂടിയ നിലയിലാണ്.ഇരുദിശകളിലുമായി 63 ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനിൽ, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്ലാറ്റ്ഫോമുകളിലെ കുറ്റിക്കാടുകൾ വെട്ടി തെളിച്ച് അടിയന്തരമായി ടൈൽ വിരിച്ചു ലൈറ്റുകളുൾപ്പെടെ പ്രാഥമിക സൗകര്യങ്ങളൊരുക്കണം. പകൽസമയത്തു പോലും പ്ലാറ്റ് ഫോമുകളിൽ ഉഗ്രവിഷമുള്ള പാമ്പുകളെ യാത്രക്കാർ കാണുന്നുണ്ട്.വൈകിട്ട് 6 നും രാവിലെ 6 നുമിടയിലാണ് പകുതിയിലേറെ ട്രെയിനുകളും വന്നുപോകുന്നത്.ഈ സമയത്ത് പ്ലാറ്റ്ഫോമുകളിൽ ഇഴ ജന്തുക്കളുടെ ഭീഷണിയില്ലാതെ യാത്രക്കാർക്ക് സഞ്ചരിക്കാൻ നടപടിയുണ്ടാകണമെന്ന് ദ് കോസ് നിർവാഹകസമിതി യോഗം അഭ്യർഥിച്ചു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയതായി പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണൻ , സെക്രട്ടറി ആർ. അശോകൻ എന്നിവർ അറിയിച്ചു. പ്രതിവർഷം 3.50 കോടി രൂപ വരുമാനവും 25 ലക്ഷത്തിലധികം യാത്രക്കാരുമുള്ള ശാസ്താംകോട്ടയ്ക്ക് പദ്ധതിയിൽ ഇനി പ്രഥമ പരിഗണന നൽകണം.

ഒന്നാം പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടുക, ഇരു പ്ലാറ്റ്ഫോമുകളിലും പൂർണ നീളത്തിൽ മേൽക്കൂര സ്ഥാപിക്കുക , പ്രത്യേക റിസർവേഷൻ കൗണ്ടർ അനുവദിക്കുക, 16348 മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ്, 16603 മംഗലാപുരം -തിരുവനന്തപുരം, 16604 തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.നിവേദനത്തിന്റെ പകർപ്പ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷണൽ റെയിൽവേ മാനേജർക്കും കൈമാറി.
പ്രൊഫ. നാലുതെങ്ങിൽ എസ്. സരോജാദേവി അധ്യക്ഷത വഹിച്ചു. ഡി. ശിവപ്രസാദ്,പി. വിനോദ്,എസ്. സോമരാജൻ, അഡ്വ. രവി കോതപുരം,എൻ. അംബുജാക്ഷപണിക്കർ,വി. എസ്. പ്രസന്നകുമാർ, കെ.റ്റി. ശാന്തകുമാർ, കരിമ്പിൽ മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു.
































