കൊല്ലംഃ പി.എസ്.സി 2010 ൽ നടത്തിയ യു.പി സ്കൂൾ അധ്യാപക പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിൽ മൂന്ന് പ്രതികളെ കോടതി വിട്ടയച്ചു.കേസിലെ നാലാം പ്രതി അജിത്ത്, അഞ്ചാം പ്രതി അനീഷ് ഗോപിനാഥ്,ഏഴാം പ്രതി ഷാജി എന്നിവരെയാണ് കൊല്ലം ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി(രണ്ട്)
ലക്ഷ്മി ശ്രീനിവാസ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ഉദ്യോഗാർത്ഥികളും കൊല്ലം മയ്യനാട് സ്വദേശികളുമായ സുനിൽദാസ്,ഷമീമ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ക്രിമിനൽ ഗൂഢാലോചന, വഞ്ചന,പി.എസ്.സിയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കി തുടങ്ങി പതിനൊന്ന് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.വിട്ടയച്ച പ്രതികൾക്കെതിരായി കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
എട്ടാം പ്രതി ഷമീമയ്ക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങൾക്ക് തെളിയിക്കാനായില്ലെങ്കിലും വഞ്ചനാ ശ്രമം നടത്തിയതായി കണ്ടെത്തിയ കോടതി മൂന്നു വർഷം തടവും അയ്യായിരം രൂപ പിഴയും ശിക്ഷിച്ചു.രണ്ടാം പ്രതി സുനിൽദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ശിക്ഷ പ്രഖ്യാപിച്ചില്ല. കോടതിയിൽ ഹാജരാകുന്നതിന് ഇളവനുവദിച്ചിരുന്ന സുനിൽദാസ് ശിക്ഷാവിധി കേൾക്കാൻ ഹാജരായിരുന്നില്ല. കേസിലെ ഒന്നാം പ്രതി പ്രകാശ് ലാൽ,മൂന്നാം പ്രതി രജീഷ് എന്നിവർ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.കോട്ടയം ജില്ലയിലെ യു.പി.എസ്.എ പരീക്ഷയിലെ ഉദ്യോഗാർത്ഥിയായ ഷമീമയ്ക്ക് പണം കൈപ്പറ്റി ഉത്തരങ്ങൾ മൊബൈൽ വഴി എത്തിച്ച് നൽകിയെന്നും അതിനായി ഗൂഢാലോചന നടത്തി എന്നും ഒന്നാം പ്രതി പ്രകാശ് ലാൽ നടത്തിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലം എസിപി ആയിരുന്ന ബി.കൃഷ്ണകുമാറാണ് എട്ടു പ്രതികൾക്കെതിരെ കുറ്റപത്രം ഫയൽ ചെയ്തത്.
പ്രതികൾക്ക് വേണ്ടി അഡ്വ.പി.കെ.മുഹമ്മദ് സുലൈം,
അഡ്വ.ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി.




























