26.8 C
Kollam
Wednesday 16th September, 2026 | 02:26:38 AM
Home News Breaking News സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ബീച്ചിലേക്ക് ഉള്ള യാത്രകൾക്ക് നിയന്ത്രണം, മൽസ്യബന്ധനത്തിനും വിലക്ക്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ബീച്ചിലേക്ക് ഉള്ള യാത്രകൾക്ക് നിയന്ത്രണം, മൽസ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രകളിൽ നിന്ന് സഞ്ചാരികളെ വിലക്കി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കടലാക്രമണത്തിനു സാധ്യതയുണ്ടെന്നും കടൽക്ഷോഭം രൂക്ഷമാകുമെന്നും അറിയിപ്പുണ്ട്.

കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.8 മുതൽ 3.4 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 2.8 മുതൽ 3.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

തീരദേശത്തുള്ളവർ അപകടമേഖലകളിൽ നിന്ന് മാറിത്താമസിക്കാനും നിർദേശമുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകളുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ ബോട്ടുകളോ വള്ളങ്ങളോ കടലിലേക്കിറക്കരുത്. വലിയ ഫിഷിങ് ബോട്ടുകൾക്കും വിലക്കുണ്ട്.

മൽസ്യബന്ധന ബോട്ടുകൾ ഹാർബറിൽ കെട്ടിയിടുമ്പോൾ വള്ളങ്ങൾ തമ്മിലിടിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാൻ സുരക്ഷിതമായ അകലം പാലിക്കാനും അധികൃതർ നിർദേശിച്ചു. ബീച്ചിലേക്ക് യാത്രചെയ്യുന്നതും കടലിലിറങ്ങുന്നതും ഒഴിവാക്കണം. തീരദേശത്തുകൂടെ യാത്രചെയ്യുന്നവരും അത്തരം യാത്രകൾ ഒഴിവാക്കാൻ നിർദേശമുണ്ട്.