ശാസ്താംകോട്ട. യുവ എഴുത്തുകാരിയും റീൽസ് താരവുമായ ഭവികാ ലക്ഷ്മി (ഗൗരിക്കുട്ടി )ഈ വർഷത്തെ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ ബാലസാഹിത്യരത്ന പുരസ്കാരത്തിന് അർഹയായി. പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഭവിക.
ഒൻപതാം വയസിൽ ഭവിക എഴുതിയ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിലെ അനുഭവക്കുറിപ്പുകൾ ഗൗരിത്തം എന്ന പുസ്തകത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. .
“ഹണ്ടിങ് വിത്ത് ഷാർക്ക് “എന്ന തന്റെ രണ്ടാമത്തെ പുസ്തകം ഈ വരുന്ന വായന വാരാചരണത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നടന്ന കേരളത്തിലെ 140 ൽ പരം എഴുത്തുകാരായ കുട്ടികളുടെ പ്രഥമ സംഗമത്തിൽ ഗൗരി പങ്കെടുക്കുകയും വേദിയിൽ സ്വാഗതം പറയാനുള്ള അവസരവും ലഭിക്കുകയും ചെയ്തിരുന്നു . സ്കൂൾതലത്തിലും മറ്റും കുട്ടികൾക്ക് വേണ്ടി നടത്തുന്ന പരിപാടികളിൽ കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും എല്ലാ കുട്ടികൾക്കും ഒരു തവണയെങ്കിലും പ്രാഥമിക ശുശ്രൂഷ പരിശീലനം നൽകണമെന്നും ഉള്ള തന്റെ ആവശ്യത്തിൻമേൽ സർക്കാർ നിലപാട് കാത്തിരിക്കുകയാണ് ഭവിക. ബോധവൽക്കരണ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള റീൽസുകളും മറ്റ് കോമഡി സ്കിറ്റുകളും അവതരിപ്പിച്ചു വരുന്നുണ്ട്. പ്രസംഗം, കഥാപ്രസംഗം നൃത്തം കാവ്യാലാപനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കുട്ടികൾ പ്ലാസ്റ്റിക്കിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കുന്നതിന് വേണ്ടി സംസ്ഥാനതലത്തിൽ ഗൗരി ഏറ്റെടുത്ത ” ഇക്കോ സ്റ്റൂൾ ചലഞ്ച് ” എന്ന പദ്ധതി കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്നതിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ എൽ സുഗതന്റെയും റവന്യൂ ജീവനക്കാരിയായ അനൂപയുടെയും മകളാണ്. ഭവിൻ സുഗതൻ സഹോദരനാണ്



































