ശാസ്താംകോട്ട . വിസ്തീർണ്ണം കൊണ്ടും ജനസംഖ്യ കൊണ്ടും ജില്ലയിലെ ഏറ്റവും വലിയ വില്ലേജ് ആയ മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്ന ആവശ്യത്തിൻമേൽ ഇനിയും നടപടി ഇല്ല. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രദേശം പൂർണ്ണമായും ഉൾകൊള്ളുന്ന വില്ലേജ് ആയതിനാൽ വില്ലേജിലെ ഉദ്യോഗസ്ഥർ വളരെ ഏറെ ബുദ്ധിമുട്ടുകയണ്. അറുപതിനായിരത്തോളം തണ്ട പേരുകളും അൻപതിനായിരത്തിലധികം ജനസംഖ്യയുമാണ് നിലവിൽ വില്ലേജിൽ ഉള്ളത്.
തെക്ക് ചവറ നിയോജകമണ്ഡലത്തിൻ്റെ അതിർത്തി പങ്കിടുന്ന കോവൂർ മുതൽ വടക്ക് കിടങ്ങയം – കാരൂർ കടവ് വരെയും പടിഞ്ഞാറ് കല്ല് കടവ് മുതൽ കിഴക്ക് ആഞ്ഞിലിമൂട് വരെയും വില്ലേജ് വ്യാപിച്ചു കിടക്കുന്നു. മൈനാഗപ്പള്ളി പുത്തൻചന്തയ്ക്ക് സമീപമാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതെങ്കിലും ഏതങ്കിലും ആവശ്യവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കണം. സ്ഥലപരിശോധന അടക്കമുള്ള കാര്യങ്ങൾക്ക് പോകേണ്ടി വരുമ്പോൾ സമാനമായ അവസ്ഥയാണ് ഉദ്യോഗസ്ഥർക്കും . ഇതിനോടൊപ്പം റെയിൽവേ ഗേറ്റുകൾ അടച്ചിടുന്നത് മൂലം ഉദ്യോഗസ്ഥർക്ക് സമയത്തിന് വില്ലേജിൽ മടങ്ങി എത്താൻ കഴിയാത്ത സാഹചര്യവും ഉണ്ട്. മൈനാഗപ്പള്ളിയിൽ 6 റെയിൽവേ ഗേറ്റുകൾ തന്നെയുണ്ട്.
ബൂത്ത് വിഭജനം കഴിഞ്ഞതോടെ മൈനാഗപ്പള്ളിയിലെ ബൂത്തുകളുടെ എണ്ണം 35 ആയി ഉയർന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്
റവന്യൂ ഉദ്യോഗസ്ഥർക്ക് മൈ നാഗപ്പള്ളിയിലെ ബൂത്തുകളിൽ എത്തിച്ചേരാൻ സഞ്ചരിക്കേണ്ടി വന്നത് 36 കിലോമീറ്റർ ആണ്.
ഈ സാഹചര്യത്തിലാണ് വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് നിരവധി തവണ പ്രമേയം പാസാക്കി സർക്കാരിന് നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടറും ഇതേ ആവശ്യം ഉന്നയിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇതേ ആവശ്യം വർഷങ്ങളായി ഉന്നയിച്ചു വരികയുമാണ്. 2021ൽ നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേർന്ന അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് മാസ് പെറ്റീഷൻ നൽകിയിട്ടും നടപടി മാത്രം ഇനിയും ഉണ്ടായിട്ടില്ല.





































