കോട്ടയം: സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ അനുനയ നീക്കം പാളി. മുറിവുണങ്ങാതെ ഇനിയൊരു ചര്‍ച്ചയില്ല. നീതിനിഷേധം തുടരുമ്പോള്‍ ഇനിയൊരു ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ഓര്‍ത്തഡോക്സ് സഭ നേതൃത്വം സൂചിപ്പിച്ചു. മണര്‍കാട് ദേവാലയം, കോതമംഗലം ദേവാലയം എന്നിവിടങ്ങളില്‍ പാത്രീയാര്‍ക്കീസ് ബാവ പ്രവേശിച്ചത് നിയമലംഘനമാണെന്ന് വൈദിക ട്രസ്റ്റി ഫാദര്‍ തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു.
അതില്‍ അഡീഷണല്‍ എജി നല്‍കിയ നിയമോപദേശത്തില്‍ മലങ്കര സഭയ്ക്ക് ശക്തമായ വിയോജിപ്പുണ്ട്. ആ നിയമോപദേശത്തിന് പിന്നില്‍ ഒരു പൊളിറ്റിക്കല്‍ അജണ്ട ഉണ്ടോയെന്ന ആശങ്ക പങ്കുവെച്ചു. ഘടകകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വാധീനം അതിലുണ്ടോയെന്നും സഭയ്ക്ക് ആശങ്കയുണ്ട്. സഭ ഉയര്‍ത്തുന്ന മണര്‍കാട് വിഷയം പോലെ ഒന്നാണ് കൂത്താട്ടുകുളം ആട്ടിന്‍കുന്നില്‍ ഉണ്ടായത്.
അതില്‍ ഈ മന്ത്രിസഭയിലെ ഒരു മന്ത്രി കൂടി ഉള്‍ക്കൊള്ളുന്നു എന്നതാണ് സഭയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. അതിലുള്ള ശക്തമായ പ്രതികരണവും പ്രതിഷേധവും സങ്കടവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിയമനിഷേധം തുടരുന്നതിനിടെ, പ്രശ്നം പരിഹരിക്കുന്നതു വരെ യാതൊരുവിധ അനുനയ നീക്കങ്ങളോടും സഹകരിക്കുന്നതില്‍ മലങ്കര സഭയ്ക്ക് മാനസികമായി ബുദ്ധിമുട്ടാണ് എന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ മുറിവേറ്റിരിക്കുന്നുവെന്നും ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാദര്‍ തോമസ് വര്‍ഗീസ് അമയില്‍ വ്യക്തമാക്കി.
പാത്രിയാര്‍ക്കീസ് ബാവായുടെ മണര്‍ക്കാട് പള്ളി സന്ദര്‍ശനം സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത നിയമലംഘനമാണെന്ന് ഓര്‍ത്തഡോക്സ് സഭ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ആട്ടിന്‍കുന്ന് പള്ളിയിലെ തര്‍ക്കവും കാതോലിക്കാ സഭയും സര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നു. സഭയും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ സഭാനേതൃത്വത്തെ അനുനയിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ഉച്ചയോടെ കോട്ടയം ദേവലോകം അരമനയിലെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയത്.
































