കൊച്ചി. റാഡിസൺ ബ്ലൂ ഹോട്ടലിലെ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഹോട്ടലിന്റെ പ്രവർത്തനം രാത്രി 12 മണിക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ നോട്ടീസുകൾ ഹൈക്കോടതി റദ്ദാക്കി. ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വിദേശമദ്യ ചട്ടങ്ങളിലെ ഭേദഗതിയും എക്സൈസ് വകുപ്പിന്റെ അനുമതിയും അനുസരിച്ച് റാഡിസൺ ബ്ലൂ ഹോട്ടലിന് 2026-27 സാമ്പത്തിക വർഷത്തിൽ പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാം. ഡിജെ പാർട്ടികളുടെ പേരിൽ കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നത് മാത്രം നിയന്ത്രണത്തിന് മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ശബ്ദമലിനീകരണ മാനദണ്ഡങ്ങൾ ലംഘിച്ചാൽ നിയമപ്രകാരം പൊലീസിന് ഇടപെടാമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ വ്യക്തമാക്കി. ഹോട്ടൽ മാനേജർ നൽകിയ ഹർജിയിലാണ് ഉത്തരവ്.





























