തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ ചുമതലയിൽനിന്ന് നീക്കപ്പെട്ടതിന് പിന്നാലെ, വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരേ ഗുരുതരമായ കൈക്കൂലി ആരോപണം ഉന്നയിച്ച് സീറാം സാംബശിവ റാവു. ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നെന്നും ഇവരെ സ്ഥാനത്തുനിന്ന് നീക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാർ ലൈസൻസ് അനുവദിച്ചതിൽ താൻ അഴിമതി കാട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥനായ വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുണ്ട്. ബാർ ഉടമകളിൽനിന്ന് ഇരുവരും നിരന്തരം കൈക്കൂലി വാങ്ങിയിരുന്നു. വിനോദ് ബാർ ഉടമകളിൽനിന്ന് പലതവണയായി 30,000 രൂപയും 20,000 രൂപയും വാങ്ങിയിട്ടുണ്ട്.
കള്ളുഷാപ്പ് അനുവദിക്കുന്നതിൽ ക്രമക്കേട് നടത്തിയ ഇവർ, ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അജയ് കോട്ടയത്ത് ബാറുകൾ ലീസിനെടുത്ത് പ്രവർത്തിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബാറുകളിൽനിന്ന് ഇവർ മാസപ്പടി വാങ്ങാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പടിയിറങ്ങുംമുൻപ് എട്ടിന്റെ പണി കൊടുത്ത് സീറാം; എക്സൈസ് വകുപ്പിൽ ഗുരുതര അഴിമതിയെന്ന് റിപ്പോർട്ട്
Advertisement




























