ബിജെപി – കോൺഗ്രസ് സഖ്യത്തിലൂടെ ഭരണം പിടിച്ച തൃശ്ശൂർ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരും. ബിജെപി, കോൺഗ്രസ് സഖ്യത്തിന് അറുതി വരുത്തുക ലക്ഷ്യമിട്ടാണ് എൽഡിഎഫ് നീക്കം. പത്തുമാസം പിന്നിട്ടിട്ടും പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ ഇല്ലെന്ന് എൽഡിഎഫ് ആരോപിച്ചു. എന്നാൽ മറ്റത്തൂരിലെ കോൺഗ്രസ് മെമ്പർമാർ അവിശ്വാസത്തെ പിന്തുണയ്ക്കുമോ എന്നതിൽ വ്യക്തതയില്ല.
അവിശ്വാസത്തെ അനുകൂലിക്കാൻ സാധ്യതയില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. മുൻ പഞ്ചായത്ത് ഭരണസമിതികളുടെ അഴിമതികൾ പുറത്തു വരാതിരിക്കുന്നതിനാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. എൽഡിഎഫിന് 10 അംഗങ്ങളും, കോൺഗ്രസിന് 8 അംഗങ്ങളും, ബിജെപിക്ക് നാല് അംഗങ്ങളും രണ്ട് കോൺഗ്രസ് വിമതരുമാണ് മറ്റത്തൂരിലുള്ളത്.
ഒരു കോൺഗ്രസ് വിമതയെ ഒപ്പം കൂട്ടി ബിജെപിയുടെ നാല് അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് മറ്റത്തൂരിൽ അധികാരം പിടിക്കുകയായിരുന്നു. ഡിസിസി നേതൃത്വം അടക്കം രാജിവെക്കണമെന്ന് അന്ത്യശാസനം നൽകിയിട്ടും ഭരണവുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് എൽഡിഎഫിന്റെ അവിശ്വാസപ്രമേയം. അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് അംഗങ്ങൾ അനുകൂലിച്ചില്ലെങ്കിൽ ബിജെപി കോൺഗ്രസ് സഖ്യം വീണ്ടും ചർച്ചയാകും.




























