തിരുവനന്തപുരം: തെക്കേ ഇന്ത്യയിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പൂർണമായി പിൻവാങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാഹചര്യവും കേരളത്തിൽ മഴ ശക്തമാകാൻ ഇടയാക്കും.
മന്നാർ ഉൾക്കടലിലും തെക്കൻ തമിഴ്‌നാട് തീരത്തോടു ചേർന്നും സമുദ്രനിരപ്പിൽനിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി തുടരുകയാണ്. തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



























