തിരുവനന്തപുരം: ലോകത്തിനുമുന്നിൽ അഭിമാനമായിരുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ യുഡിഎഫ് സർക്കാർ മോർച്ചറിയിലാക്കിയ പ്രതിസന്ധി നിയമസഭയിൽ അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം. ആരോഗ്യമേഖലയുടെ അവസ്ഥ അത്യന്തം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിൻ മേൽ മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി കെ മുരളീധരൻ അധികാരം നഷ്ടപ്പെട്ട രോഗത്തിന്മാത്രമാണ് മരുന്നില്ലാത്തതെന്നും ബാക്കി എല്ലാ രോഗത്തിനും മരുന്ന് ഉണ്ടന്നും മറുപടി പറഞ്ഞു. മന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മന്ത്രിയുടെ പരാമർശത്തിന് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായിവിജയൻ
കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശ ഗോപുരമാണന്നും അവിടെ ഒരു കാര്യം മാത്രം ചെയ്താൽ മതിയെന്നും പറഞ്ഞു. ആരോഗ്യ മേഖലയിലെ വിളക്ക് കെടുത്താതിരുന്നാൽ മതി. വേറെ അത്ഭുത വിളക്ക് തേടി പോകേണ്ടതില്ല. ഇവിടെ പിടിപ്പുകേടിന്റെ പ്രശ്നമാണ്. ഗർഭിണികൾക്കും കുട്ടികൾക്കും പോലും ചികിത്സ നിഷേധിക്കപ്പെടുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് കെ വി സുമേഷ് പറഞ്ഞു.



























