സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,685 രൂപയും, പവന് 1,09,840 രൂപയുമാണ് സ്വർണത്തിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മാത്രം ഒരു പവൻ സ്വർണത്തിന് 1,280 രൂപയുടെ ഇടിവാണുണ്ടായത്.
വില കുറഞ്ഞെങ്കിലും നിലവിലെ വിലക്കൊപ്പം ജിഎസ്ടിയും പണിക്കൂലിയും കൂടിച്ചേരുമ്പോൾ വലിയൊരു തുക തന്നെ ഒരു പവൻ സ്വർണം വാങ്ങാനായി നൽകേണ്ടി വരും.
ഇന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിൽ 106 ഡോളറിലാണ് വില്പന തുടരുന്നത്. യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നതിനു മുമ്പുള്ള യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയും ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വീക്ഷണത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും വിപണിയെ ബാധിച്ചതിനാൽ ഇന്ന് അന്താരാഷ്ട്ര വിപണികളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞിട്ടുണ്ട്. ഇതാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.



























