കൊച്ചി.മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും ഇഡി കണ്ടെത്തിയ കൈക്കൂലിയിടപാടുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് വെല്ലുവിളികള്‍ ഏറെ. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താലും നടന്നത് കൈക്കൂലിയിടപാടുകളെന്ന് ഉറപ്പിക്കാനുന്ന തെളിവ് ശേഖരണം വെല്ലുവിളിയാകും. പിണറായിക്കെതിരെ ഇഡി ശേഖരിച്ച സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎഫ്ഒ സുരേഷ്‌കുമാര്‍ എന്നിവരുടെ മൊഴികള്‍ വിജിലന്‍സിന് തെളിവായി പരിഗണിക്കുന്നതിലും പരിമിതികളേറെ.
കോടതി നിര്‍ദേശപ്രകാരം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലന്‍സ് കേസെടുത്താലും അന്വേഷണത്തില്‍ വിജിലന്‍സ് നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ഇഡി കണ്ടെത്തിയ കൈക്കൂലിയിടപാടുകള്‍ക്കും ഹവാലയിടപാടുകള്‍ക്കടക്കം തെളിവ് കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. കള്ളപ്പണമിടപാട് കേസില്‍ ഇഡിക്ക് ആരെയെങ്കിലും പ്രതിയാക്കാന്‍ മൊഴി തന്നെ ധാരാളമാണ്. വീണയുടെ അക്കൗണ്ടില്‍ സിഎംആര്‍എലില്‍ നിന്ന് പണം എത്തിയതിന്റെ തെളിവുകളും മുഖ്യമന്ത്രിയായ പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്ന മൊഴികളുമുള്ളത്തിനാല്‍ ഇഡിക്ക് അറസ്റ്റിലേക്ക് നീങാനും തടസങളില്ല. എന്നാല്‍ വിജിലന്‍സിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സമാനമായ മൊഴികളും തെളിവുകളും ലഭിക്കണം. ഇഡിയുടെ കത്ത് പ്രകാരം പിണറായി വിജയനെതിരെ നിര്‍ണായക മൊഴി നല്‍കിയി്ട്ടുള്ളത് സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി. സുരേഷ്‌കുമാറിന്റെ മൊഴിയാണ്.
എന്നാല്‍ ഇഡിക്ക് നല്‍കിയ ഈ മൊഴി സുരേഷ്‌കുമാര്‍ തന്നെ പിന്നീട് പിന്‍വലിച്ചു. ഈ സാഹചര്യത്തില്‍ സുരേഷ്‌കുമാര്‍ വിജിലന്‍സിനോട് ഈ മൊഴി തന്നെ ആവര്‍ത്തിക്കാനുള്ള സാധ്യത കുറവാണ്. ശശിധരന്‍ കര്‍ത്തയുടെ മൊഴിയും പിണറായിക്ക് എതിരായിരുന്നു. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള കര്‍ത്തയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുക പ്രായോഗികമല്ല. സേവനം നല്‍കാതെയാണ് സിഎംആര്‍എലില്‍ നിന്ന് പണം കൈപ്പറ്റിയതെന്ന് വീണ ചോദ്യം ചെയ്യലില്‍ ഇഡിയോട് സമ്മതിച്ചെങ്കിലും വിജിലന്‍സിനോട് ഇതേ മൊഴ്ി ആവര്‍ത്തിക്കാനിടയില്ല. മൊഴികള്‍ ലഭിച്ചില്ലെങ്കിലും പണം കൈപ്പററ്റിയതിന്റെ തെളിവുകളടക്കം ഇഡി ശേഖരിച്ചിട്ടുണ്ട്. 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ യാതൊരു ബില്ലുമില്ലാതെ വീണയ്ക്ക് 45 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. നാല്‍പത്തിയെട്ട് തവണകളായി രണ്ട് കോടി 78 ലക്ഷം കൈമാറിയതിന്റെ തെളിവുകള്‍ വേറെയുമുണ്ട്. എന്നാല്‍ ഈ പണം പിണറായി വിജയനായി നല്‍കിയതെന്ന് തെളിയിക്കുക വിജിലന്‍സിന് വെല്ലുവിളിയാകും.
മുഹമ്മദ് റിയാസിനെതിരായി ഇഡി കണ്ടെത്തിയ തെളിവുകളില്‍ പ്രധാനം വീണയുടെ ഡയറിയും അതിലെ കോടികളുടെ കണക്കുകളുമാണ്. വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്കാണ് ഇതിലേറെയും. ബെനാമി ഇടപാടുകളിലൂടെയും ഹവാലയിടപാടുകള്‍ വഴിയും വിദേശത്തേക്ക് പണം കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കൈക്കൂലി പണമുപയോഗിച്ച് ദുബായിയില്‍ ബിസിനസ് തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നും ഇഡിയുടെ കത്തിലുണ്ട്. ഹവാലയിടപാടുകളിലും വിദേശത്തെ അക്കൗണ്ടുകള്‍ വഴി നടന്ന പണം കൈമാറ്റത്തിലും വിജിലന്‍സിന് അന്വേഷണം നടത്താന്‍ പരിമിതികളേറെയാണ്.
ഇഡി ശേഖരിച്ച തെളിവുകള്‍ക്കപ്പുറം കൈക്കൂലിയിടപാടുകളും അനധികൃത സ്വത്ത് സമ്പാദം തെളിയിക്കുന്നതിനടക്കം വിജിലന്‍സിന് കാര്യമായി പരിശ്രമിക്കേണ്ടി വരും. വിജിലന്‍സ് കേസെടുക്കുന്നതിന്റെ ആനുകൂല്യമത്രയും ഇഡിക്കാണ്. മറ്റ് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ പിണറായി വിജയനെയും കുടുംബത്തെയും ഇഡി വരിഞ്ഞുമുറുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
































