28.8 C
Kollam
Saturday 10th October, 2026 | 06:22:26 PM
Home News Kerala ഒരു ദിവസത്തേക്ക് അയ്യായിരം രൂപ, അനധികൃത വളമത്സ്യ ശേഖരമുള്ള ടാങ്കിലേക്ക് തൊഴിലാളിയെ ഇറക്കുന്നത് മരിക്കുമെന്നറിഞ്ഞ്,...

ഒരു ദിവസത്തേക്ക് അയ്യായിരം രൂപ, അനധികൃത വളമത്സ്യ ശേഖരമുള്ള ടാങ്കിലേക്ക് തൊഴിലാളിയെ ഇറക്കുന്നത് മരിക്കുമെന്നറിഞ്ഞ്, ഞെട്ടിക്കുന്ന ഈ തൊഴില്‍ സംഘടനകള്‍ അറിയാത്തതാണോ

കോഴിക്കോട്. ബേപ്പൂരിൽ ബോട്ടിലെ തൊഴിലാളിയുടെ മരണത്തിന് പിന്നിൽ അനധികൃത വളമത്സ്യ ശേഖരം. ബോട്ടുകളുടെ അടിത്തട്ടിൽ ഐസിടാതെ കൊണ്ടിടുന്ന ചെറുമത്സ്യങ്ങളെ പുറത്തെടുക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി, അകത്തെ വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. ഇവരെ കൂടുതൽ പണം കൊടുത്ത് സ്റ്റോർ റൂമിലേക്ക് ഇറക്കുന്നത് ഈ അപകട സാധ്യത കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെ. മരണം ആവർത്തിച്ചിട്ടും ഇത് തടയാൻ അധികൃതർക്കാവുന്നില്ല.

ഒരു ദിവസത്തേക്ക് അയ്യായിരം രൂപ. കൂടുതൽ പണം കിട്ടുന്നതോടെ ജീവൻ പണയം വച്ച് അഞ്ചടി താഴ്ചയുള്ള സ്റ്റോർ റൂമിലേക്ക് ഇറങ്ങാൻ തയ്യാറാകുന്ന ഇതരസംസ്ഥാന തൊഴിലാളികൾ. ഇന്നലെ രാവിലെയാണ് പശ്ചിമ ബംഗാൾ സ്വദേശികളായ ദിലീപ് സുറും സച്ചിൻ ദാസും ബേപ്പൂർ സ്വദേശി യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിന്റെ അടിത്തട്ടിലിറങ്ങുന്നത്. അകത്ത് നിറഞ്ഞ് നിന്ന വിഷവാതകം ശ്വസിച്ച് ഇരുവരും കുഴഞ്ഞുവീണു. വിവരം അറിഞ്ഞിട്ടും കൂടെയുണ്ടായിരുന്ന ആരും താഴേക്ക് ഇറങ്ങാൻ തയ്യാറായില്ല. മരിച്ച് പോകുമെന്ന് അവർക്കറിയാമല്ലോ.. തൊഴിലാളികളെ അറിഞ്ഞുകൊണ്ട് കൊലയ്ക്ക് കൊടുക്കുകയായിരുന്നു എന്നർത്ഥം

ശേഷം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് എത്തിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. 53കാരനായ ദിലീപ് സുർ മരിച്ചു. 25കാരൻ സച്ചിൻ ദാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലും..

അനധികൃതമായി ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കർശന നിയമങ്ങളാണുള്ളത്. എന്നിട്ടും ഫിഷ് മില്ലുകൾക്കും തീറ്റപ്പൊടി നിർമാണത്തിനും ഇവയെ യഥേഷ്ടം പിടികൂടി കൊണ്ടുവരുന്നു. ആ വഴിയിൽ ദിലീപ് സുർമാർ ആവർത്തിക്കുകയും ചെയ്യുന്നു. ബേപ്പൂർ ഹാർബറിൽ ഒരു മാസം മുമ്പാണ് ഇതേ സാഹചര്യത്തിൽ രണ്ടുപേർ മരിച്ചത്. നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ നടപടി എടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിക്കുന്നുണ്ടെങ്കിലും ആവർത്തിക്കുകയാണ് മനുഷ്യനിർമിത ദുരന്തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here