ദുബൈ: രാജ്യത്തിനോ സർക്കാരിനോ ആവശ്യമുണ്ടായാൽ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനൽകാൻ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. അതിന്റെ പേരിൽ ആരിൽനിന്നും യാതൊരു ആനുകൂല്യവും ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യൂസഫലിയുടെ പ്രതികരണം.
കേരളത്തിലെ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നും അതെല്ലാം രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദം സൃഷ്ടിച്ചവർ തന്നെ അതിന് പരിഹാരം കാണട്ടെയെന്നും യൂസഫലി പറഞ്ഞു.
തന്റെ കൈവശം വിമാനവും ഹെലികോപ്റ്ററും ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും രാജ്യത്തിനോ സർക്കാരിനോ എപ്പോൾ ആവശ്യമുണ്ടായാലും അവ വിട്ടുനൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പിന്നീട് സർക്കാരിനോട് എന്തെങ്കിലും ആനുകൂല്യം ആവശ്യപ്പെടുന്ന ആളല്ല താനെന്നും യൂസഫലി വ്യക്തമാക്കി.
“എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഗൾഫിലെ ഭരണാധികാരികൾ തരും,” എന്നും അദ്ദേഹം പറഞ്ഞു.






























