തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി.ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രവേശനത്തിനായി പ്രത്യേക ക്യുആർ കോഡ് ടിക്കറ്റ് ജീനി ആപ്പിൽ മത്സരദിവസം രാവിലെ എട്ടു മണി മുതൽ ലഭ്യമാകും. സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് ഈ കോഡ് സ്കാൻ ചെയ്തായിരിക്കും അകത്തേക്ക് പ്രവേശിക്കാനാവുക.
പ്രിൻ്റ് ചെയ്ത ടിക്കറ്റുകളുമായി വരുന്നവർക്കും സമാനമായ പരിശോധനയുണ്ടാകും.അവരുടെ ടിക്കറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ടിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഒരു തവണ ക്യുആർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് ഓട്ടോമാറ്റിക് ആയി അപ്രത്യക്ഷമാകും. അതിനാൽ സ്റ്റേഡിയത്തിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നീട് ഒരു കാരണവശാലും വീണ്ടും അകത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.
മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്,കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ കാര്യവട്ടം, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിങ് ഗ്രൗണ്ട്, ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്.





























