27.1 C
Kollam
Monday 14th September, 2026 | 09:44:00 AM
Home News Breaking News ഇഡി റിപ്പോർട്ട് മുന്നിൽ വച്ച് രക്തസാക്ഷി പരിവേഷനീക്കം പാളി,വിമർശനങ്ങൾ ഉണ്ടായാലും നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ സിപിഐഎമ്മിലെ...

ഇഡി റിപ്പോർട്ട് മുന്നിൽ വച്ച് രക്തസാക്ഷി പരിവേഷനീക്കം പാളി,വിമർശനങ്ങൾ ഉണ്ടായാലും നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ സിപിഐഎമ്മിലെ ഔദ്യോഗിക വിഭാഗം

കോഴിക്കോട്.വിമർശനങ്ങൾ ഉണ്ടായാലും നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ സിപിഐഎമ്മിലെ ഔദ്യോഗിക വിഭാഗം. പിണറായി വിജയനും എം.വി ഗോവിന്ദനും അടങ്ങുന്ന സംസ്ഥാന നേതൃത്വത്തെ സംശയത്തോടെ നോക്കുന്ന കേന്ദ്ര നേതൃത്വമാണ് ഔദ്യോഗിക വിഭാഗം നേരിടുന്ന ഇപ്പോഴത്തെ കുരുക്ക്‌. നേതൃത്വത്തിനെതിരെ പിണങ്ങി മാറിയവരെ കൂടി വീണ്ടും ഒരുമിച്ചു കൂട്ടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

ഇ.ഡി റിപ്പോർട്ട് മുന്നിൽ വച്ച് രക്തസാക്ഷി പരിവേഷമായിരുന്നു പിണറായിയും ഔദ്യോഗിക വിഭാഗവും കണക്കുകൂട്ടിയത്. ആ നീക്കം പാളിയതോടെ വിമർശനം ഉണ്ടാകുമെന്ന് ഉറപ്പായി. പിന്നാലെ വിമർശനം മയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ നീക്കം. വ്യക്തി കേന്ദ്രീകൃതമായി വിമർശനങ്ങൾ മാറാതെ നേതൃത്വത്തിന് ഒന്നാകെ തെറ്റുപറ്റിയെന്ന് സമ്മതിക്കും. ഇതിലൂടെ നേതാക്കൾക്ക് തങ്ങളുടെ പദവി സുരക്ഷിതമാക്കാം. വിശാല സംസ്ഥാന സമിതിയുടെ പരിമിതമായ അധികാരവും കവചമാക്കും. സ്ഥാനമാറ്റമല്ല തിരുത്തലാണ് ഉണ്ടാകുന്നതെന്ന് എം.വി ഗോവിന്ദൻ ഇന്നും ആവർത്തിച്ചു.

വിശാല സംസ്ഥാന സമിതി കഴിഞ്ഞാലും മൂന്ന് മാസത്തിലൊരിക്കൽ പാർട്ടി ആത്മ പരിശോധന നടത്തുമെന്നത് തന്ത്രപരമായ നീക്കമാണ്. പ്ലീനം അടക്കം വിളിച്ചു നടപ്പാക്കാൻ നിശ്ചയിച്ച തെറ്റു തിരുത്തൽ നടപടി എവിടെയും എത്താത്തത് കൊണ്ടാണ് മൂന്ന് മാസം എന്ന പുതിയ വാഗ്ദാനം. താഴെത്തട്ടിൽ പ്രശ്നങ്ങൾ ഉണ്ടായാൽ നേരിട്ട് ഇറങ്ങി ചെല്ലാൻ സംസ്ഥാന നേതൃത്വം സന്നദ്ധം എന്ന് പറഞ്ഞത് ടി കെ ഗോവിന്ദനും, വി. കുഞ്ഞികൃഷ്ണനും നൽകിയ ഷോക്ക് ട്രീറ്റ്മെന്റിന്റെ പശ്ചാത്തലത്തിലാണ്. ഇത്തരം ഏറ്റുപറച്ചിൽ കൊണ്ട് ഒരുവിധം വിമർശനങ്ങളെ നേരിടാൻ കഴിയും എന്നാണ് ഔദ്യോഗിക നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. സർക്കാരിൻ്റെ അവസാന വർഷങ്ങളിൽ പ്രതിപക്ഷ നേതാവിനെ മാറ്റി പരീക്ഷിക്കാനുള്ള സാധ്യതയും തുറന്നിടും.

സിപിഐഎം വിശാല സംസ്ഥാന സമിതിയിൽ ഇന്ന് മുഴുവൻ സമയവും പൊതു ചർച്ച നടക്കും. ഇന്നലത്തെ ഒരു മണിക്കൂർ ചർച്ചയുടെ തുടർച്ചയാകും ഇന്ന് നടക്കുക. ഇന്നലെ മാർഗരേഖ അവതരിപ്പിച്ച ശേഷം ഗ്രൂപ്പ് ചർച്ച നടന്നു. അതിനു പിന്നാലെയാണ് പൊതു ചർച്ചയിലേക്ക് കടന്നത്. ചർച്ചകൾക്ക് നാളെയാകും നേതൃത്വം മറുപടി പറയുക. ആദ്യദിനം കടുത്ത വിമർശനങ്ങൾ ഉണ്ടായില്ല. മാർഗരേഖ സമഗ്രമല്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. നേതൃത്വത്തിൻ്റെ വീഴ്ച കൃത്യമല്ല എന്നായിരുന്നു വിമർശനം. വർഗ്ഗ ബഹുജന സംഘടനകൾ അവരുടെ കാര്യം മാത്രം സമ്മേളനത്തിൽ പറഞ്ഞാൽ മതിയെന്ന് നേതൃത്വം നിർദ്ദേശിച്ചു. ബാക്കിയുള്ള കാര്യങ്ങൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പറയും എന്നാണ് നിർദേശം. നേതൃത്വം രൂക്ഷ വിമർശനത്തിന് വിധേയമാകുന്ന ദിവസമാകും ഇന്നത്തെ പൊതു ചർച്ച.

LEAVE A REPLY

Please enter your comment!
Please enter your name here