കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശനത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി. കാന്തപുരത്തിന്റേത് ആർഎസ്എസിന്റെ സ്വരം എന്നാണ് വിമർശനം. കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ കെ.ടി ജലീൽ നിലപാടെടുത്തു.
സ്ത്രീകളെ അധിക്ഷേപിച്ച് കാന്തപുരം പ്രസ്താവന നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റോ പ്രതിപക്ഷ നേതാവോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടേത് രൂക്ഷ വിമർശനമാണ്. കാന്തപുരത്തിന്റെ നിലപാടിനെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിൻ്റെ പരാമർശങ്ങളോട് ഉപമിച്ചു.
ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും സിപിഐഎമ്മിന് കാന്തപുരത്തിന്റെ പരാമർശങ്ങളോട് എതിർപ്പാണ് ഉള്ളത്. എന്നാൽ എൽഡിഎഫിലെ മുൻമന്ത്രിമാർ കാന്തപുരത്തിനെ പിന്തുണയ്ക്കുന്നുണ്ട്. കെ.ടി ജലീലും, അഹമ്മദ് ദേവർകോവിലും കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി തന്നെ കാന്തപുരത്തിനായി രംഗത്ത് എത്തി. കാന്തപുരത്തിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെയായിരുന്നു ഇന്നത്തെ കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇസ്ലാമികമായി കാന്തപുരം പറഞ്ഞത് തെറ്റാണെന്ന് സമർഥിക്കാൻ മുഖ്യമന്ത്രിക്ക് ആകുമോ എന്ന് കെ ടി ജലീൽ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ലീഗും സമസ്തയും നിലപാട് പറയണം എന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു.

































