28.5 C
Kollam
Saturday 10th October, 2026 | 11:02:37 AM
Home News Breaking News ‘ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം’ മുഖ്യമന്ത്രി

‘ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം’ മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്താകമാനമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാ മലയാളികളുടെയും ആഘോഷമാണ് ഓണം. അതിജീവനത്തിന് പ്രേരണ നല്‍കുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നല്‍കുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിച്ച പ്രയാസങ്ങള്‍ പൂര്‍ണമായി മാറിയിട്ടില്ലെങ്കിലും, അവയെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ആഘോഷങ്ങളിലൂടെ നേടാന്‍ കഴിയണം. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ തിരുവോണം സന്തോഷവും മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും പകരുന്നതാകട്ടെ. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തി ഭിന്നിപ്പുണ്ടാക്കി അതില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ നിലനില്‍ക്കുന്ന കാലമാണിത്. ജാതി-മത വ്യത്യാസങ്ങള്‍ മറന്ന് മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ‘ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം’ എന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.