26.2 C
Kollam
Sunday 23rd August, 2026 | 09:09:16 AM
Home News Breaking News മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ

മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ

മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി.

Also Read: കൊല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാവിലെ തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം നടത്തിയ ചോദ്യംചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു.

ദമ്പതികൾ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഫൗസിയ ഇടയ്ക്ക് വീട്ടുജോലിക്ക് പോകാറുണ്ടായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. താൻ പറയുന്നത് കേൾക്കാതെ ഫൗസിയ ജോലിക്ക് പോകുന്നതിൽ ഹുസൈന് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിറ്റേദിവസം അർധരാത്രി മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൊണ്ടുപോയി. പിന്നീട് ദമ്പതികൾ തിരിച്ചെത്തിയില്ല. ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെ, പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. മത്സ്യബന്ധനത്തിന് പോകാനായി തയ്യാറെടുക്കവെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങി. ഇത് വലിച്ചെടുത്തപ്പോൾ കിട്ടിയ ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തിരൂർ പൊലീസ്, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here