27.9 C
Kollam
Friday 18th September, 2026 | 12:13:01 AM
Home News Breaking News സംസ്ഥാനത്തെ കാലാവസ്ഥ സ്ഥിതിഗതികൾ വിലയിരുത്തി ഉന്നതതല യോഗം,പത്തനംതിട്ട ഒഴികെയുള്ള ബാക്കി ജില്ലകളിൽ കാര്യങ്ങൾ നിയന്ത്രണവിധേയം

സംസ്ഥാനത്തെ കാലാവസ്ഥ സ്ഥിതിഗതികൾ വിലയിരുത്തി ഉന്നതതല യോഗം,പത്തനംതിട്ട ഒഴികെയുള്ള ബാക്കി ജില്ലകളിൽ കാര്യങ്ങൾ നിയന്ത്രണവിധേയം

സംസ്ഥാനത്തെ കാലാവസ്ഥ സ്ഥിതിഗതികൾ വിലയിരുത്തി ഉന്നതതല യോഗം. പത്തനംതിട്ട ഒഴികെയുള്ള ബാക്കി ജില്ലകളിൽ കാര്യങ്ങൾ നിയന്ത്രണവിധേയമായെന്ന് വിലയിരുത്തൽ. ഏതു സാഹചര്യത്തെയും നേരിടാൻ വിദഗ്ധ സംഘത്തെയും തയ്യാറാക്കി.

സംസ്ഥാനത്ത് 316 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 11,018 പേരാണ് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലുമായി നിലവിലുള്ളത്. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പത്തനംതിട്ടയിലേക്ക് മാത്രം കൊല്ലത്തുനിന്ന് 14 ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. സുരൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്റർ എത്തിച്ചു. എൻ.ഡി.ആർ.എഫ് സംഘവും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലാ കളക്ടർമാരുമായി തുടർച്ചയായി യോഗവും നടക്കുന്നുണ്ട്.

15 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏഴു പേരെ കാണാനില്ല. 165 ഹെക്ടർ സ്ഥലത്ത് കൃഷിനാശം ഉണ്ടായി . മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്ക് പതിനായിരം രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായും 10000 രൂപ നൽകും. മരിച്ചവരുടെ കുടുംബത്തിനായി 8 ലക്ഷം രൂപ ധനസഹായം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങി വീട് പണിയാനുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർത്തി. വീട് പണിയാനുള്ള തുക 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കാനും തീരുമാനമായി. എത്ര രൂപ വർദ്ധിപ്പിക്കണമെന്ന് കൃഷിവകുപ്പ് നിർദ്ദേശം നൽകുന്നതനുസരിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.

ആശുപത്രികളിൽ മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി. ചുമതലയുള്ള ജില്ലകളിൽ മന്ത്രിമാർ അവിടെ തങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകും.