Home News Breaking News തൃക്കാക്കരയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഭീകരമായി ആക്രമിച്ച കേസിൽ പിടിയിലായ മൂന്ന് അക്രമികളെയും ഗുരുതര വകുപ്പുകളോടെ...

തൃക്കാക്കരയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഭീകരമായി ആക്രമിച്ച കേസിൽ പിടിയിലായ മൂന്ന് അക്രമികളെയും ഗുരുതര വകുപ്പുകളോടെ പൊലീസ് പൂട്ടും

എറണാകുളം. തൃക്കാക്കരയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ മൂന്ന് അക്രമികളെയും ഗുരുതര വകുപ്പുകളോടെ പൊലീസ് പൂട്ടും. ഇത്തരം മൃഗീയ ആക്രമണം നടത്തിയാലും ഉന്നതതല സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന പതിവ് ഇത്തവണ ഉണ്ടാവില്ലെന്നാണ് സൂചന. കാരണം അതിക്രൂരമായ ആക്രമണം നാടിനെ അത്രമാത്രം നടുക്കത്തിലാഴ്ത്തിയിരുന്നു.

കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി (വിദീഷ്) എന്നിവരെയാണ് കോഴിക്കോട് നിന്ന് തൃക്കാക്കര പോലീസ് പിടികൂടിയത്.

ഇവർ പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവ് അനസിന്റെ പ്രധാന സഹായികളാണെന്ന് പോലീസ് വ്യക്തമാക്കി.

സൈഡ് നൽകിയില്ലെന്നാരോപിച്ച് ആണ് നടുറോഡിൽ ചോരമരവിപ്പിക്കുന്ന ആക്രമണം നടത്തിയത്

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ തൃക്കാക്കര എൻ.ജി.ഒ. ക്വാർട്ടേഴ്സ് ജംഗ്ഷന് സമീപമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.

സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഴക്കാല സ്വദേശികളായ പ്രവീൺ കുമാർ, മുഹമ്മദ് ഷാഫി, നിസാം എന്നിവർക്കുനേരെയാണ് ആക്രമണമുണ്ടായത്.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് പ്രതികളുടെ കാറിന് സൈഡ് നൽകിയില്ലെന്ന നിസ്സാര കാരണം പറഞ്ഞാണ് ഇവർ തർക്കമുണ്ടായത്.

തുടർന്ന് കാറിൽ നിന്നിറങ്ങിയ പ്രതികൾ ഇടിവള (Brass Knuckles) ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയും നിലത്തിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീൺ കുമാറിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടാവുകയും തലച്ചോറിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ  ചികിത്സയിലാണ്.

ഒപ്പം ആക്രമിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുൻവശത്തെ നാല് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

പിടികൂടിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിയത്.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് വളഞ്ഞുവീഴ്ത്തിയത്.

പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും, ഒളിവിലുളള മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here