കോതമംഗലം. ക്വാറിയിലെ കംപ്രസര്‍ വാഹനം മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. മീരാന്‍ സിറ്റി സ്വദേശി നറുക്കിയില്‍ ബെന്നിയാണ് മരിച്ചത്. അപകടമറിഞ്ഞ് സ്ഥലതെത്തിയ നാട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും ക്വാറിയുടെ നടത്തിപ്പുകാര്‍ തടഞ്ഞു.
മൈലാടുംപാറയില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍സ്റ്റാര്‍ ഗ്രാനൈറ്റ്‌സില്‍ ഉച്ചയോടെയാണ് അപകടം. പാറപൊട്ടിക്കാനായി ഉപയോഗിക്കുന്ന കംപ്രസര്‍ ഘടിപ്പിച്ച വാഹനം താഴെയ്ക്ക് വീണാണ് അപകടം. ക്വാറിയില്‍ ജോലിചെയ്തിരുന്ന ബെന്നിയുടെ ശരീരത്തിലേക്ക് വാഹനം വീണത്. സംഭവസ്ഥലത്ത് തന്നെ ബെന്നി മരിച്ചു. വാഹനവും തകര്‍ന്നു. അപകടം അതീവ രഹസ്യമാക്കി വെയ്ക്കാനായിരുന്നു ക്വാറിക്കാരുടെ ശ്രമം. എന്നാല്‍ വിവരമറിഞ് നാട്ടുകാര്‍ സ്ഥലതെത്തി. ഗെയ്റ്റ് അടച്ചപൂട്ടിയ ക്വാറിയുടെ ചുമതലക്കാര്‍ ആക്രമിക്കാനും ശ്രമിച്ചു.
ബെന്നിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യാപക പരാതി നാട്ടുകാര്‍ക്കുണ്ട്. അനധികൃത പാറഖനനത്തിനെതിരെ ജില്ലാ കലക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ജിയോളജി വകുപ്പിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും അനുമതിയില്ലാതെയാണ് ക്വാറിയുടെ പ്രവര്‍ത്തനമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം അനുശാസിക്കുന്ന യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ജീവനക്കാര്‍ക്കോ തൊഴിലാളികള്‍ക്കോ ക്വാറി മാനേജ്മെന്റ് നല്‍കിയിരുന്നില്ല. ബെന്നിയുടെ മരണത്തിലേക്ക് നയിച്ചതും ഈ സുരക്ഷാവീഴ്ചയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറി അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


































