Home News Breaking News യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊതുസംഭരണത്തിന് കാലഹരണപ്പെട്ട മാനുവല്‍ മാറ്റി, പുതിയ സംവിധാനം തയ്യാറാക്കും. എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസറെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നിലവില്‍ അനുമതി തേടി നിരവധി ഫയലുകളാണ് ധനവകുപ്പിലേക്ക് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ഫയലുകളും തിരിച്ചയക്കേണ്ടി വരുന്നുണ്ട്. ഇതെല്ലാം നടപടികളും പദ്ധതികളും വൈകുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് 1974 ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മാതൃകയില്‍ എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കാന്‍ തീരുമാനിച്ചു. ധനപരമായ സ്‌ക്രൂട്ടിനി ഇവിടെയുണ്ടാകും. ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ, സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെയാണ് ഇത്തരം അ ഡ്വൈസര്‍മാരെ നിയമിക്കുന്നത്. ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാകും ചുമതലപ്പെടുത്തുക.

പൊതുസംഭരണത്തിനുള്ള മാനുവല്‍ കാലഹരണപ്പെട്ടതാണ്. ഇന്നത്തെ കാലത്ത് ഇ- പ്രോക്യുവെര്‍മെന്റായതും മാന്വല്‍ അറിഞ്ഞിട്ടില്ല. പൊതുസംഭരണത്തിന് കാലഹരണപ്പെട്ട മാന്വല്‍ മാറ്റി, പുതിയ സംവിധാനം തയ്യാറാക്കും. ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുമരാമത്ത്, ടൂറിസം, ഐടി, ഉന്നത വിദ്യാഭ്യാസം, ജലവിഭവ വകുപ്പ് മന്ത്രിമാരാണ് സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഓരോ വകുപ്പിനെപ്പറ്റിയും റിപ്പോര്‍ട്ട് നല്‍കുകയും, സംഭരണം ആധുനികമായ സങ്കേതം ഉപയോഗിച്ചുകൊണ്ട് വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷാഫിയെ നിയമിച്ചു. കേരള ബോര്‍ഡ് കാഷ്യു ബോര്‍ഡ് എംഡി ആന്റ് ചെയര്‍മാനായി ജി ഉണ്ണികൃഷ്ണനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. നിരവധി വര്‍ഷക്കാലമായി തര്‍ക്കം നിലനിന്നിരുന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് കാവ് വിഷയം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു മാസം തികയുന്നതിനു മുമ്പേ രമ്യമായി പരിഹരിക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തര്‍ക്കഭൂമിയില്‍ തന്നെ താമസക്കാര്‍ക്ക് ഭൂമി ലഭിച്ചു. 1000 ചതുരശ്ര അടിയുള്ള വീട് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.