Home News Breaking News ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം: പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം: പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പൊലീസ്

Advertisement

കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ പൊലീസ്. കോടതി ഉത്തരവ് പഠിച്ച് തുടര്‍ നടപടികളെടുക്കാന്‍ ആലുവ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. പൊലീസ് അന്വേഷണത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കുമെന്ന് റേഞ്ച് ഡിഐജി അരുള്‍ ബി കൃഷ്ണ പറഞ്ഞു. പ്രതികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പൊലീസ് ഇടപെടല്‍.

Also Read: ടച്ച് വെട്ടിന്‍റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ കെഎസ്ഇബി വെട്ടിനിരത്തിയെന്ന് പരാതി; കുടുംബം നിയമനടപടിക്ക്

കേസില്‍ മുഖ്യസാക്ഷിയായിരുന്ന മൃഗഡോക്ടറുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ വായിച്ചു നോക്കിയിരുന്നില്ലെന്നും കൊല്ലപ്പെട്ട കുട്ടിക്കൊപ്പം അഭിഭാഷകന്‍റെ വീട്ടിലുണ്ടായിരുന്ന ജഗംദബാള്‍ എന്ന സ്ത്രീയെ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നുമടക്കമുളള വിമര്‍ശനങ്ങള്‍ വിധി പ്രസ്താവത്തില്‍ കോടതി ഉയര്‍ത്തിയിരുന്നു. പൊലീസിനെതിരെ ഉയര്‍ന്ന ഈ വിമര്‍ശനങ്ങളും പരിശോധിക്കുമെന്നും തിരുത്താവുന്നവ തിരുത്തുമെന്നും റേഞ്ച് ഡിഐജി വ്യക്തമാക്കി. മൂവാറ്റുപുഴ പോക്സോ കോടതിയുടെ വിധി പൂര്‍ണമായി പഠിച്ച ശേഷം വൈകാതെ അപ്പീല്‍ സമര്‍പ്പിക്കാനാണ് ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കൊല്ലപ്പെട്ട പെണ്‍കുട്ടി ജോലി ചെയ്തിരുന്ന വീടിന്‍റെ ഉടമസ്ഥനായ അഭിഭാഷകന്‍ ജോസ് കുര്യന്‍, ഭാര്യ സിന്ധു, വീട്ടുജോലിക്കായി കുഞ്ഞിനെ വിറ്റ തമിഴ്നാട് സ്വദേശി നാഗപ്പന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കുട്ടിയുടെ മരണം കൊലപാതകമെന്നു കണ്ടെത്തിയെങ്കിലും പ്രതികളെ ശിക്ഷിക്കാന്‍ പാകത്തിലുളള തെളിവുകളില്ലെന്നായിരുന്നു കോടതി കണ്ടെത്തല്‍. ഏറെ സാമൂഹിക പ്രാധാന്യമുളള കേസ് എന്ന നിലയില്‍ കൂടിയാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുളള ഉന്നത പൊലീസ് ഇടപെടല്‍.

Advertisement