29.4 C
Kollam
Friday 11th September, 2026 | 05:27:43 PM
Home News Breaking News എസ് എസ് എൽ സി ഫലം മെയ്‌ 15ന്, പ്ലസ്‌ ടു, വിഎച്ച്എസ്ഇ ഫലം മെയ്‌...

എസ് എസ് എൽ സി ഫലം മെയ്‌ 15ന്, പ്ലസ്‌ ടു, വിഎച്ച്എസ്ഇ ഫലം മെയ്‌ 22ന്

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന പത്താം ക്ലാസ് (SSLC) പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതി ഔദ്യോഗികമായി പുറത്തുവിട്ടു. പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4.2 ലക്ഷത്തോളം വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഫലം ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, results.kite.kerala.gov.in എന്നിവ വഴി മെയ് 15ന് ഉച്ചയ്ക്ക് 3:00 മണിക്ക് ശേഷം അറിയാം. അതേസമയം, പ്ലസ് ടു ഫലവും വിഎച്ച്എസ്‌ഇ ഫലവും മെയ്‌ 22ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യ നിര്‍ണയം നടന്നത്. ഒന്നാം ഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാം ഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും നടന്നു. അവസാന ഘട്ടമായ മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മെയ് രണ്ട് വരെ നീണ്ടു. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായാണ് മൂല്യനിർണയം നടന്നത്. ഇത്തവണ 4.14 ലക്ഷം വിദ്യാർഥികളാണ് എസ്‌എസ്‌എൽസി പരീക്ഷയെഴുതിയത്. മൂല്യനിര്‍ണയത്തിനായി 10,500 അധ്യാപകരെയാണ് നിയോഗിച്ചിരുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 8.7 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതി. വിഎച്ച്എസ്‌സി വിഭാഗത്തിൽ മുപ്പതിനായിരം വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും.