ആലപ്പുഴ. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ വേണ്ടത്ര ഇല്ലാതെ ഹൗസ് ബോട്ടുകൾ ഇന്നുമുതൽ സർവീസ് നടത്തരുതെന്ന് നിർദേശം ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കുക വലിയ തിരിച്ചടി. ഇന്നലെ സീസൺ ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് ഹൈക്കോടതി വിധി നടപ്പാക്കുക.1500ലധികം ഹൗസ് ബോട്ടുകളും, മേഖലയെ ആശ്രയിക്കുന്ന 27000ൽ അധികം മനുഷ്യരെയുമാണ് വിധി പ്രത്യക്ഷത്തിൽ ബാധിക്കുക.നിലവിൽ ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് ജില്ലയിൽ ഒരു സംവിധാനവും ഇല്ല എന്നിരിക്കെ ഉദ്യോഗസ്ഥ പരിശോധന കർശനമായാൽ മേഖല പൂർണമായും നിശ്ചലമാകും.
ഹൈക്കോടതിയുടെ താൽക്കാലിക വിധി ഇന്ന് നടപ്പിൽ വരുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് കായൽ ടൂറിസം മേഖല .
1500 അധികം ഹൗസ് ബോട്ടുകളാണ് ആലപ്പുഴയിൽ സർവീസ് നടത്തുന്നത്.ഇന്നലെ സീസൺ ആരംഭിച്ചതിന് പിന്നാലെ ഇന്നുമുതൽ സർവീസ് മുടങ്ങിയാൽ അത് മേഖലയ്ക്കാകെ വലിയ തിരിച്ചടിയാകും.
ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള മലിനീകരണ സംസ്കരണ സംവിധാനങ്ങൾ ജില്ലയിലെ ഒരു ബോട്ടുകളിലും നിലവിലില്ല. ശുചി മുറി മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനവും ജില്ലയിൽ ഇല്ല. നിലവിൽ ബ്രഹ്മപുരത്ത് എത്തിച്ചാണ് മാലിന്യം സംസ്കരിക്കുന്നത്.ബോട്ടുകളിൽ ടൂറിസ്റ്റുകൾ ഉപയോഗിക്കുന്ന വെള്ളം സംസ്കരിച്ച ശേഷം കായലിലേക്ക് ഒഴുക്കണമെന്ന് നിർദ്ദേശം ഉടനടി നടപ്പാക്കാൻ ആകില്ല എന്ന മേഖലയിലെ തൊഴിലാളികൾ പറയുന്നു
നികുതി ഇനത്തിൽ മാത്രം സർക്കാരിന് കോടികളാണ് മേഖലയിൽ നിന്ന് ലഭിക്കുന്നത്.ഈ പണം ഉപയോഗിച്ച് ആലപ്പുഴയിൽ സെപ്റ്റിക്ക് വേസ്റ്റ് സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.നിലവിലെ ഉത്തരവ് നടപ്പാക്കുന്നതിന് മുൻപ് തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണം എന്നും ആവശ്യമുണ്ട്.യാതൊരു മുന്നറിയിപ്പുമില്ലാതെ ബോട്ടുകൾ പിടിച്ചു കെട്ടിയാൽ അത് പ്രത്യക്ഷമായും പരോക്ഷമായും ആലപ്പുഴയിലെ ടൂറിസം മേഖലയെ നിശ്ചലമാക്കുമെന്ന് ഉറപ്പാണ്.ജനപ്രതിനിധികൾ അടക്കം ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യവും ഉയർന്നു കഴിഞ്ഞു.




































