24.5 C
Kollam
Monday 10th August, 2026 | 06:16:47 AM
Home News Breaking News ‘മുഖ്യമന്ത്രി ആരാകണം എന്നതില്‍ യുഡിഎഫിൽ അനൈക്യമില്ല’; കോൺഗ്രസ് തീരുമാനത്തെ ലീഗ് പിന്തുണക്കുമെന്ന് പി കുഞ്ഞാലിക്കുട്ടി

‘മുഖ്യമന്ത്രി ആരാകണം എന്നതില്‍ യുഡിഎഫിൽ അനൈക്യമില്ല’; കോൺഗ്രസ് തീരുമാനത്തെ ലീഗ് പിന്തുണക്കുമെന്ന് പി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യം ഇല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മുഖ്യമന്ത്രിയെ കോൺഗ്രസ്‌ തീരുമാനിക്കും. മുഖ്യമന്ത്രിയായി കോൺഗ്രസ്‌ നിശ്ചയിക്കുന്നത് ആരെ ആയാലും ലീഗ് പിന്തുണക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ഉണ്ടായാലും അതിനെ യുഡിഎഫ് മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ഡീലിനെയും മറികടന്നാകുന്ന കുതിപ്പ് യുഡിഎഫ് കാഴ്ചവെക്കും. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തി മതേതര വോട്ട് ഭിന്നിപ്പിക്കാനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വോട്ട് ഭിന്നിച്ചു പോകാതിരിക്കാനുള്ള ക്രമീകരണം യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു പ്രതിഭ എംഎൽഎയെ അധിക്ഷേപിച്ച ലീഗ് നേതാവിനെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവണതകൾ ലീഗ് വെച്ച് പൊറുപ്പിക്കല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്റാണ് തീരുമാനം എടുക്കുക. യുഡിഎഫിന് ഡീൽ ജനവുമായിട്ടാണ്. നേമത്ത് ശബരിനാഥൻ സിക്സർ അടിക്കുമെന്നും പ്രാചരണത്തിന് ഇറങ്ങിയ തരൂർ പറഞ്ഞു.

നിലവിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യമില്ല. ഇപ്പോൾ ഉയർന്നുവരുന്ന വിവാദം അനാവശ്യമാണ്. കോൺഗ്രസ് രീതി വ്യക്തമാണ്. യുഡിഎഫിന് ഡീൽ ജനങ്ങളുമായാണെന്നും നേമത്ത് ബിജെപി വോട്ടുകൾ പാഴാവുമെന്നും ശശി തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച കൊടുമ്പിരി കൊള്ളുകയാണ്. നേതാക്കൾ പലരും സതീശനേയും ചെന്നിത്തലയേയും പിന്തുണച്ച് സംസാരിച്ചതോടെയാണ് മുഖ്യമന്ത്രി ചർച്ച സജീവമായത്.