കൊല്ലം: സ്വർണപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയായി. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,040 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി ഉയർന്നുനിന്ന സ്വർണവിലയിൽ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു വില. ഇന്ന് വില കുറഞ്ഞെങ്കിലും ഒരു പവൻ സ്വർണം വാങ്ങാൻ വലിയ തുക തന്നെ ചെലവാക്കണം. സംസ്ഥാനത്ത് അഞ്ച് മുതൽ 15 ശതമാനം വരെയാണ് സ്വർണത്തിന് പണിക്കൂലി ഈടാക്കുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ബാധകമാണ്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 1,20,344 രൂപ ചെലവാകും.
വെള്ളിവിലയിലും ഇന്ന് കുറവുണ്ടായി. 10 ഗ്രാം വെള്ളിക്ക് 2,100 രൂപയും ഒരു കിലോയ്ക്ക് 2,10,000 രൂപയുമാണ് വില. പ്ലാറ്റിനത്തിന്റെ വിലയിലും ഇടിവുണ്ടായി. 10 ഗ്രാം പ്ലാറ്റിനത്തിന് 1,970 രൂപ കുറഞ്ഞ് 44,340 രൂപയായി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണം. ക്രൂഡ് ഓയിൽ വില, ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് സ്വർണവില നിശ്ചയിക്കുന്നത്.



























