എറണാകുളം: കനത്ത മഴയില്‍ പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു. ഓടക്കാലി ജിവിഎച്ച്എസ്എസ് സ്‌കൂളിനോട് ചേര്‍ന്നുള്ള ഓഡിറ്റോറിയമാണ് തകര്‍ന്നത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ പോയ ശേഷമായിരുന്നു അപകടം. കുട്ടികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അതിനിടെ, കോഴിക്കോട് ബാലുശേരി പനങ്ങാട് ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. കിനാലൂര്‍ കൈതച്ചാലില്‍ കാപ്പിയില്‍ ഭാസ്‌കരന്റെ വീടിന് മുകളിലേക്കാണ് പ്ലാവും കവുങ്ങും കടപുഴകി വീണത്. വീട്ടിലുണ്ടായിരുന്ന ഭാസ്‌കരനും ഭാര്യ പ്രേമയ്ക്കും പരിക്കേറ്റു.
ഉച്ചഭക്ഷണം കഴിക്കാനായി പ്രേമ തൊഴിലുറപ്പ് ജോലിയില്‍നിന്ന് വീട്ടിലെത്തിയ സമയത്തായിരുന്നു അപകടം. പരിക്കേറ്റ ഭാസ്‌കരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രേമയെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.






























