നഗോയ: ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ. സെമിയിൽ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ഫൈനൽ പ്രവേശനം. 1982നുശേഷം ആദ്യ സ്വർണമാണ് വനിതകൾ ലക്ഷ്യമിടുന്നത്.
പൂൾ ബിയിൽ അഞ്ച് കളിയും ജയിച്ച ഇന്ത്യ സെമിയിലും മികവ് തുടർന്നു. ഇതുവരെ 68 ഗോളടിച്ചു. കവാസാകി യൂകോ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നാം ക്വാർട്ടർ വരെ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ തുടരുകയായിരുന്നു. 44-ാം മിനിറ്റിൽ ഇഷിക ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടി. പിന്നാലെ 47-ാം മിനിറ്റിൽ ക്യാപ്റ്റൻ സലിമ ടെട്ടെയും ഇന്ത്യയ്ക്കായി ഗോൾ നേടി. ചൈനയും ജപ്പാനും തമ്മിലാണ് രണ്ടാം സെമി.





























